വേട്ടയാടലുകളില്‍ തളരാതെ പൊരുതി നേടിയ ഡോക്ടറേറ്റുമായി കനയ്യകുമാര്‍

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. മോദി സര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിനെതിരേ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടത്തി ശ്രദ്ധേയനായ കനയ്യയ്‌ക്കെതിരേ നുണപ്രചരണങ്ങള്‍ നടത്തിയിരുന്ന സംഘപരിവാറിനുള്ള മധുരപ്രതികാരം കൂടിയാണ് നിശ്ചിത സമയത്ത് തന്നെ കോഴ്സ് പൂര്‍ത്തിയാക്കിയുള്ള കനയ്യയുടെ ഡോക്ടറേറ്റ് നേട്ടം.

പലപ്പോഴും കനയ്യയെ വ്യക്തിഹത്യ ചെയ്യുക സംഘപരിവാര്‍ കേന്ദ്രങ്ങളുടെ രീതിയായിരുന്നു. 11 വര്‍ഷമായി കനയ്യകുമാര്‍ ജനങ്ങളുടെ പണം ചെലവഴിച്ചു പഠിക്കുകയാണെന്നും പിഎച്ച്ഡിയുടെ പരീക്ഷകളില്‍ 11 തവണയും പരാജയപ്പെട്ടു എന്നൊക്കെയായിരുന്നു ആക്ഷേപങ്ങള്‍. എന്നാല്‍, ഇതിനെല്ലാം ചുട്ടമറുപടിയായി കൃത്യസമയത്ത് തന്നെയുള്ള കനയ്യയുടെ കോഴ്‌സ് പൂര്‍ത്തിയാക്കലും, ഡോക്ടറേറ്റ് നേട്ടവും.

ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തിന് ശേഷം ജെഎന്‍യു കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. ഈ കേസിലെ കുറ്റപത്രം അടുത്തിടെ സമര്‍പ്പിച്ചിരുന്നു.

2011ലാണ് കനയ്യകുമാര്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ എംഫില്‍-പിഎച്ച്ഡി കോഴ്സിന് ചേരുന്നത്. കോഴ്സിനിടയിലാണ് കനയ്യകുമാര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനാവുന്നത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായും സൂചനകളുണ്ട്.

Dr. KanayyaKumar
Comments (0)
Add Comment