തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; പരാതി നല്‍കി കോണ്‍ഗ്രസ് | VIDEO

Jaihind Webdesk
Friday, May 17, 2024

 

ന്യൂഡല്‍ഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന് നേരെ ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൂമാലയിടാനെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ മർദ്ദിച്ചത്. അക്രമത്തിന് പിന്നില്‍ ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിയുടെ ആളുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി.

കർതാർ നഗറിലെ എഎപി ഓഫീസിന് സമീപമായിരുന്നു സംഭവം. ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായാ ഗൗരവ് ശർമ്മയോടും  അക്രമികൾ മോശമായി പെരുമാറി. ഇതിലും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്‍റെ ഷാൾ അക്രമികള്‍ വലിച്ചെടുക്കുകയും ഭർത്താവിനെ ഭീഷണിപ്പെടുത്തിയെന്നും ഛായാ ശർമ്മ പരാതിയിൽ പറയുന്നു. ആൾക്കൂട്ടത്തിന് നേരെ മഷി എറിയുകയും അക്രമത്തില്‍ 4 സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

കൗൺസിലർ ഛായാ ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കനയ്യ കുമാർ കർത്താർ നഗറിലെ എഎപി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പുറത്തേക്കിറങ്ങിയ കനയ്യ കുമാറിന് മാല ചാർത്താനെന്ന വ്യാജേന എത്തിയവർ അക്രമം അഴിച്ചുവിടുകയായിരുന്നു.  കനയ്യ കുമാറിന് നേരെ ചിലർ മഷി എറിയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഛായ ശർമ്മ ഇടപെടാൻ ശ്രമിച്ചപ്പോൾ അവരോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിക്കെതിരെയാണ് ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർത്ഥി കനയ്യ കുമാർ മത്സരിക്കുന്നത്.

https://x.com/AbhishekSay/status/1791498027225759872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1791498027225759872%7Ctwgr%5Eb691cd838c5eb381e34e748ecf5f9b21163d5f43%7Ctwcon%5Es1_&ref_url=https%3A%2F%2Fenglish.varthabharati.in%2Findia%2Fkanhaiya-kumar-attacked-while-campaigning-in-delhi