മുംബൈ : നടി കംഗണ റണാവതിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നെന്നും ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും കംഗണ ഫേസ്ബുക്കില്‍ കുറിച്ചു.
യോഗ ചെയ്യുന്ന ചിത്രത്തോടൊപ്പമാണ് കൊവിഡ് പോസിറ്റീവായ വിവരം കംഗണ അറിയിച്ചത്. വിദ്വേഷ പരാമർശം നടത്തിയതിന് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ സസ്പെന്‍ഡ് ചെയ്തിരുന്നു. ബംഗാളിലെ ബിജെപിക്ക് തോല്‍വിക്ക് പിന്നാലെ കംഗണ ചെയ്ത ട്വീറ്റ് വിവാദമായിരുന്നു. കലാപാഹ്വാനം നടത്തുന്നതായിരുന്നു കംഗണയുടെ പോസ്റ്റ്.
ബംഗാളിൽ തോറ്റ ബിജെപി സ്ഥാനാർഥി സ്വപൻദാസ് ഗുപ്ത, തെരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ചു നടത്തിയ ട്വീറ്റ്, റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പോസ്റ്റ്. ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.
‘ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്‍റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ’ – കംഗണ ട്വീറ്റ് ചെയ്തു.
കംഗണയുടെ വിദ്വേഷ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ട്വിറ്റർ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ട്വിറ്റർ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങള്‍ കാരണം അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുന്നതായി ട്വിറ്റർ വക്താക്കള്‍ വ്യക്തമാക്കി. വിദ്വേഷകരമായ പരാമർശത്തിന്‍റെ പേരില്‍ നിയമാനുസൃതമായും നിഷ്പക്ഷമായും നിയമങ്ങൾ നടപ്പിലാക്കുന്നതായും ട്വിറ്റർ അറിയിച്ചു.
https://www.facebook.com/KanganaRanaut/posts/320783959394140