കണ്ടല ബാങ്ക് കള്ളപ്പണ കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Jaihind Webdesk
Thursday, November 23, 2023

 

കണ്ടല ബാങ്ക് കള്ളപ്പണ കേസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. സിപിഐ നേതാവും ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റുമായ എന്‍ ഭാസുരാംഗന്‍ ബെനാമി അക്കൗണ്ട് വഴി കോടികള്‍ തട്ടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. അജിത് കുമാര്‍, ശ്രീജിത് തുടങ്ങിയ പേരിലാണ് ലോണ്‍ തട്ടിയത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ലോണ്‍ വിവരം മറച്ചു വെക്കുകയായിരുന്നു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കുടുംബങ്ങളുടെ പേരിലും ഭാസുരാംഗന്‍ ലോണ്‍ തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. 2 കോടി 34 ലക്ഷം രൂപയാണ് കുടുംബങ്ങളുടെ പേരില്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തത്. ഒരേ വസ്തു ഒന്നിലേറെ തവണ ലോണിന് ഈടാക്കി വെച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാസുരാംഗന്‍റെ മകന്‍ അഖില്‍ ജിത്തും ലോണ്‍ തട്ടിയിട്ടുണ്ട്. 74 ലക്ഷം രൂപ അഖില്‍ ജിത്ത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു. അഖില്‍ ജിത്തിന് വാര്‍ഷിക വരുമാനം 10 ലക്ഷം മാത്രമാണെന്ന് ഇ ഡി പറയുന്നു. എന്നാല്‍ നിരവധി കമ്പനികളില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. ബിആര്‍എം സൂപ്പര്‍ മാര്‍ക്കറ്റ്, ബിആര്‍എം ട്രെഡിങ് കമ്പനി, അടക്കമുള്ളവയില്‍ ഇയാള്‍ക്ക് നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.