തിരുവനന്തപുരം: ബൈക്കിലെത്തി എകെജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍റെ വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതികളെ പോലീസ് കണ്ടെത്തട്ടെ എന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന ജയരാജന്‍റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കാനത്തിന്‍റെ മറുപടി.
അതേസമയം ദുരൂഹമായ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സിസി ടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ പ്രതിയുടെ സൂചന പോലുമില്ല. അഴിമതി ആരോപണങ്ങളില്‍ അടിമുടി പ്രതിരോധത്തിലായ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും മുഖം രക്ഷിക്കാനും ജനശ്രദ്ധ തിരിക്കാനുമുള്ള ആസൂത്രിത നാടകമാണെന്ന് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.