അമേരിക്കൻ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയെഴുതി കമല ഹാരിസ്. വിജയത്തോടെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് കമല അതേസമയം, ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന പ്രത്യേകതയും കമലയ്ക്ക് സ്വന്തമായി.
വൈസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് പദവിയിലെത്താനുള്ള സാധ്യത കൂടിയാണ് കമലയ്ക്ക് ലഭിച്ചിരിക്കുന്നത്. 56 കാരിയായ കമല ഹാരിസ് 2024 ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവുമെന്നും റിപ്പോർട്ടുകളുണ്ട്. 1964 ഒക്ടോബർ 20ന് കാലഫോർണിയയിലെ ഓക്ലന്റിലാണ് കമല ജനിച്ചത്. ചെന്നൈ സ്വദേശി ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരൻ സ്റ്റാൻഫഡ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധൻ ഡൊണാൾഡ് ഹാരിസിന്റെയും മകളായാണ് ജനനം. അമ്മ വഴിയാണ് കമലയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. വാഷിങ്ടണിലെ ഹോവാർഡ് സർവകലാശാലയിലും കാലഫോർണിയ സർവകലാശാലയിലെ ഹേസ്റ്റിങ്സ് ലോ കോളജിലുമായി പഠനം പൂർത്തിയാക്കിയ കമല, കാലഫോർണിയയിലെ അലമേഡ കൗണ്ടിയിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായാണ് കരിയറിന് തുടക്കമിട്ടത്.
പിന്നീട് സാൻഫ്രാൻസിസ്കോയിലെ ആദ്യ വനിതാ ഡിസ്ട്രിക്ട് അറ്റോർണി ഓഫിസിലെ കരിയർ ക്രിമിനൽ യൂനിറ്റിൽ മാനേജ്മെന്റ് അറ്റോർണിയായി ചുമതലയേറ്റു. തുടർന്ന് കാലഫോർണിയയിലെ ആദ്യ വനിതാ അറ്റോർണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴും ബൈഡനെക്കാളേറെ കമലാ ഹാരിസിനെയാണ് രൂക്ഷമായി വിമർശിച്ചത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാമുഖങ്ങളിൽ എടുത്തുപറയേണ്ട വ്യക്തിത്വമാണ് കമലയുടേത്. അഭിഭാഷകയെന്ന നിലയിൽ തിളങ്ങിയ കമലാ ഹാരിസ് വധശിക്ഷ, സ്വവർഗവിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. അമേരിക്കയിൽ കറുത്ത വംശജൻ ജോർജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടശേഷം കറുത്ത വർഗക്കാർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ ശബ്ദിക്കുകയും പൊലീസിൽ പരിഷ്കരണം കൊണ്ടുവരണമെന്ന് വാദിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ എതിരാളി മൈക് പെൻസുമായുള്ള സംവാദത്തിലടക്കം തിളങ്ങിയ കമലാ ഹാരിസ്, ബൈഡന്റെ വിജയത്തിന് നിർണായക പങ്കുവഹിച്ചതായാണ് വിലയിരുത്തൽ.