കമല്‍നാഥ് പ്രതിഷേധിച്ചു; മോദി വിരണ്ടു…. ഗുജറാത്തിന് മാത്രം പ്രഖ്യാപിച്ച സഹായം മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടമുണ്ടായതിനു പിന്നാലെ ഗുജറാത്തിന് മാത്രം നഷ്ടപരിഹാരം നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ‘മോദി നിങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, ഗുജറാത്തിന്റെ മാത്രമല്ലെന്ന് ഓര്‍ക്കണമെന്ന്’ കമല്‍നാഥ് ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്തിന് മാത്രമായി നഷ്ടപരിഹാരം നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നാശനഷ്ടങ്ങള്‍ നേരിട്ടത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അവഗണിച്ച് മോദി ഗുജറാത്തിന് മാത്രം നഷ്ടപരിഹാരം പ്രഖ്യാപിച്ചതാണ് വിവാദത്തിന് കാരണമായത്.

സംഭവം വിവാദമായതോടെ ഗുജറാത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരം മറ്റു സംസ്ഥാനങ്ങളില്‍ കെടുതി നേരിട്ടവര്‍ക്കും ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കനത്തമഴയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് നഷ്ടപരിഹാരം നല്‍കുക. ഗുജറാത്തിലും രാജസ്ഥാനിലും 10 പേര്‍ വീതവും മധ്യപ്രദേശില്‍ 15 പേരുമാണ് മരിച്ചത്.

narendra modicongressAICCkamal nath
Comments (0)
Add Comment