കല്യാണി ഇനി ദുല്‍ഖറിന്റെ നായിക

Jaihind News Bureau
Wednesday, December 5, 2018

കല്യാണി പ്രിയദര്‍ശന്റെ ആദ്യ തമിഴ് ചിത്രം ദുല്‍ഖറിനൊപ്പം. ആര്‍. കാര്‍ത്തിക് സംവിധാനം ചെയ്യുന്ന വാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞതിനു തൊട്ട് പിന്നാലെയാണ് നായിക കല്യാണിയെന്ന വാര്‍ത്തയും പുറത്തു വരുന്നത്. അച്ഛന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് കല്യാണി. ഇതിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. കല്യാണിയെക്കൂടാതെ വാനില്‍ കൃതി ഖര്‍ബന്ദയും പ്രധാനവേഷത്തിലെത്തുന്നു. മൂന്ന് നായികമാരുള്ള ചിത്രത്തിന്റെ മൂന്നാമത്തെ നായികയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദുല്‍ഖറിന്റെ കാമുകിയുടെ വേഷം കൃതിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖറിന്റെ ഹിന്ദി ചിത്രം കര്‍വാനില്‍ കൃതിയും വേഷമിട്ടിരുന്നു.

യാത്ര പ്രമേയമാകുന്ന ചിത്രമാണ് വാന്‍. പ്രണയത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ തുടങ്ങി കൊല്‍ക്കത്ത വരെ നീളുന്ന യാത്രയാണ് പ്രമേയം. ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കും. തെരി, കത്തി, രാജ റാണി എന്നിവയുടെ ക്യാമറ കൈകാര്യം ചെയ്ത ജോര്‍ജ് സി. വില്യംസാണ് ഛായാഗ്രഹണം. ഒരു എമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ നിലവില്‍ ചിത്രീകരണം നടക്കുന്ന മലയാള ചിത്രം.