കല്‍പ്പറ്റ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സംഭവം; വരണാധികാരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Wednesday, November 26, 2025

കല്‍പ്പറ്റ നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.ജി. രവീന്ദ്രന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയില്‍ വരണാധികാരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വരണാധികാരിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എങ്കിലും, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഭരണഘടനാപരമായ തടസ്സമുള്ളതുകൊണ്ട് ഈ ഘട്ടത്തില്‍ നേരിട്ട് ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കല്‍പ്പറ്റ നഗരസഭയിലെ വെള്ളാരംകുന്ന് ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും, നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നയാളുമായിരുന്നു കെ.ജി. രവീന്ദ്രന്‍. നേരത്തെ ഒരു ടൂര്‍ണമെന്റ് നടത്തിയതിലെ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി അദ്ദേഹത്തിന്റെ പത്രിക തള്ളിയത്.

പത്രിക തള്ളാനുള്ള വരണാധികാരിയുടെ നടപടിയില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി കോടതിയില്‍ ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റിന്റെ ബാധ്യതയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന സ്റ്റേ ഉത്തരവും, നടപടി കാലഹരണപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഓഡിറ്ററുടെ കത്തും വരണാധികാരി കണക്കിലെടുത്തില്ല. മാത്രമല്ല, പഞ്ചായത്ത് രാജ് നിയമപ്രകാരം സ്ഥാനാര്‍ത്ഥിക്ക് വിശദീകരണം നല്‍കാനാവശ്യമായ സമയം പോലും വരണാധികാരി നല്‍കിയില്ല.

പത്രിക തള്ളിയ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച ശേഷം കോടതിയുടെ നേരിട്ടുള്ള ഇടപെടലിന് ഭരണഘടനാപരമായ തടസ്സങ്ങളുണ്ട്. അതുകൊണ്ട്, ഈ ഘട്ടത്തില്‍ പത്രിക തള്ളിയ തീരുമാനം റദ്ദാക്കാന്‍ കോടതി തയ്യാറായില്ല. കേസില്‍ വരണാധികാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.