കല്‍പറ്റ വാഹനാപകടം; ഉരുൾപൊട്ടലില്‍ ഉറ്റവരെ നഷ്ട്മായ ശ്രുതിയെ തേടി വീണ്ടും ദുരന്തം; പ്രതിശ്രുത വരന്‍റെ നില അതീവ ഗുരുതരം

Jaihind Webdesk
Wednesday, September 11, 2024

 

വയനാട്:  വെള്ളാരംകുന്നിൽ സ്വകാര്യ ബസും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ജെൻസന്‍റെ നില ഗുരുതരം. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങൾ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സൻ. ഇന്നലെയാണ് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ മുണ്ടക്കൈ സ്വദേശി ശ്രുതി, ദുരന്തത്തിന്‍റെ ആഘാതത്തിൽ മുക്തമാകുന്നതിന് മുമ്പാണ് വീണ്ടും അപകടമുണ്ടായത്. പ്രതിശ്രുത വരനായ അമ്പലവയൽ സ്വദേശി ജെൻസനൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇന്നലെ വൈകിട്ട് ദേശീയപാതയിൽ കൽപ്പറ്റ കിൻഫ്രാ പാർക്കിന് സമീപം അപകടത്തിൽപ്പെട്ടത്.

ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതി, ദുരന്തസമയത്ത് കോഴിക്കോട് ജോലി സ്‌ഥലത്തായിരുന്നതിനാലാണ് അന്ന് രക്ഷപ്പെട്ടത്. ദുരന്തത്തിന് ഒരു മാസം മുമ്പ് ഇവരുടെ വിവാഹ നിശ്ച‌യം കഴിഞ്ഞിരുന്നു. വിവാഹത്തിനായി അച്ഛൻ സ്വരുക്കൂട്ടിവച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും പുതിയ വീടും കുടുംബാംഗങ്ങളും ഉൾപ്പെടെയാണ് ശ്രുതിക്ക് ദുരന്തത്തിൽ നഷ്ടമായത്. ഈ മാസം അവസാനം വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം.