ഏഴ് നൂറ്റാണ്ടിന് ശേഷമുള്ള കല്യോട്ടെ പെരുങ്കളിയാട്ടത്തിന് പരിസമാപ്തി

കാസർഗോഡ് കല്യോട്ട് ഭഗവതിയുടെ തിരുമുടി ഉയർന്നതോടെ ആറ് നാൾ നീണ്ടു നിന്ന പെരുങ്കളിയാട്ടത്തിന് പരിസമാപ്തിയായി. കളിയാട്ടത്തിന്‍റെ ഭാഗമായി നടന്ന മംഗലംകുഞ്ഞുങ്ങളുടെ പന്തൽമംഗലച്ചടങ്ങ് ഉൾപ്പടെ കാണാൻ പതിനായരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.

717 വർഷങ്ങൾക്ക് ശേഷം കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്ന പെരുങ്കളിയാട്ടത്തിന് ഭക്തിനിർഭരമായ പരിസമാപ്തി. കല്യോട്ട് ഭഗവതിയുടെ തിരുമുടി ഉയർന്നതോടെയാണ് ആറ് നാൾ നീണ്ടു നിന്ന പെരുങ്കളിയാട്ടത്തിന് സമാപനമായത്. പെരുങ്കളിയാട്ടത്തിന് ഭാഗമായി മംഗലംകുഞ്ഞുങ്ങളുടെ പന്തൽമംഗലച്ചടങ്ങ് നടന്നു. പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് കുട്ടികൾ അരങ്ങിലെത്തുന്നത്. അച്ഛന്‍റെയോ അമ്മാമന്‍റെയോ ചുമലിലേറി കുഞ്ഞുങ്ങൾ ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലം വെക്കുന്നതാണ് ചടങ്ങ്. പന്തൽമംഗലം കഴിയുന്നതോടെ കുഞ്ഞുങ്ങൾ കല്യോട്ടമ്മയുടെ ചങ്ങാതിമാരായെന്നാണ് വിശ്വാസം

സർവാഭരണവിഭൂഷിതയായി അരങ്ങിലെത്തിയ കല്യോട്ടമ്മയുടെ ദർശനപുണ്യം തേടി പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. പെരുങ്കളിയാട്ടം ദേവിയുടെ തിരു മാംഗല്യം എന്നാണ് വിശ്വാസം. ക്ഷേത്ര സ്ഥാനികൻ താലിയുമായെത്തിയപ്പോൾ വാലായ്മ എന്ന് വാല്യക്കാർ കൂട്ടത്തിൽനിന്നു വിളിച്ചുപറഞ്ഞതോടെ തൃക്കല്യാണം മുടങ്ങി. പിന്നിട് മംഗലം കുഞ്ഞുങ്ങൾക്കും ആചാരക്കാർക്കുമൊപ്പം മൂന്ന് തവണ ക്ഷേത്രം വലം വെച്ചു.

ഇഷ്ടജനപരിപാലനമാണ് അവതാരോദ്ദേശ്യമെന്ന് മൊഴി പറഞ്ഞ ദേവി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് അരങ്ങൊഴിഞ്ഞു. ആറ് ദിവസങ്ങളിലായി നടന്ന പെരുങ്കളിയാട്ടത്തിൽ അമ്പതിലേറെ തെയ്യങ്ങളണ് അരങ്ങിലെത്തിയത്.

Comments (0)
Add Comment