ഏഴ് നൂറ്റാണ്ടുകൾക്കു ശേഷം കാസർഗോഡ് കല്യോട്ട് പെരുങ്കളിയാട്ടം

Jaihind News Bureau
Friday, December 27, 2019

ഏഴ് നൂറ്റാണ്ടുകൾക്കു ശേഷം കാസർഗോഡ് കല്യോട്ട് നടക്കുന്ന പെരുങ്കളിയാട്ടം കാണാൻ ദിവസവും ആയിരങ്ങൾ എത്തുന്നു.
അമ്പതിലേറെ തെയ്യങ്ങളാണ് ക്ഷേത്ര കഴകത്തിൽ ആറു ദിവസങ്ങളിലായി നടക്കുന്ന പെരുങ്കളിയാട്ടത്തിൽ അരങ്ങിലെത്തുന്നത്.

കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലെ പെരുങ്കളിയാട്ടത്തിൽ തെയ്യങ്ങൾ നിറഞ്ഞാടുന്നു. രക്തചാമുണ്ഡി, വിഷ്ണുമൂർത്തി,
പാടാർകുളങ്ങര ഭഗവതി തുടങ്ങി നിരവധി തെയ്യങ്ങൾ അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. അപൂർവ്വങ്ങളായ തെയ്യങ്ങൾ ഉൾപ്പെടെ അമ്പതിലേറെ തെയ്യ കോലങ്ങളാണ് ഏഴ് നൂറ്റാണ്ടിനുശേഷം വന്നെത്തിയ പെരുങ്കളിയാട്ടത്തിൽ കെട്ടിയാടുന്നത്.

ദീപവും തിരിയും എഴുന്നള്ളത്തോടെയാണ് കളിയാട്ടത്തിന് തുടക്കംകുറിച്ച്. ഉത്തര കേരളത്തിലെ പ്രമുഖ യാദവ കഴകമാണ് കല്ല്യോട്ട് ക്ഷേത്രം . ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇവിടേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുരമുണ്ട്. പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പെരുങ്കളിയാട്ടം നടക്കുന്നത് .

ഞായറാഴ്ച കല്യോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്നതോടെ അറ് ദിവസങ്ങളിലായി നടന്നുവരുന്ന കളിയാട്ടത്തിന് പരിസമാപ്തിയാകും.