കാളികാവ് കടുവ ദൗത്യം: കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി; കേരള എസ്റ്റേറ്റിലെന്ന് നിഗമനം

Jaihind News Bureau
Saturday, May 24, 2025

 

മലപ്പുറം കാളികാവിലെ നരഭോജി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവ കേരള എസ്റ്റേറ്റിലെന്ന നിഗമനത്തിലാണ് വനം വകുപ്പ്. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. കടുവയ്ക്കായി തെരച്ചില്‍ ഇന്നും തുടരും. ഇതുവരെയും കടുവയെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. ടാപ്പിങ്ങ് തെഴിലാളിയെ കടുവ കൊന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കടുവയെ പിടികൂടാന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേ സമയം മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ കടുവ സാന്നിധ്യം കണ്ടതിനാല്‍ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആര്‍ത്തല, മഞ്ഞള്‍പ്പാറ, മദാരികുണ്ട്, സുല്‍ത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കര്‍, 50 ഏക്കര്‍ പാന്ത്ര തുടങ്ങിയ ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ആളുകള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടു.