മലപ്പുറം കാളികാവില്‍ നരഭോജി കടുവയുടെ കാല്‍പ്പാടുകള്‍ വീണ്ടും കണ്ടെത്തി. അടയ്ക്കാകുണ്ടിലാണ് നരഭോജി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കേരള എസ്റ്റേറ്റിന് സമീപത്തെ റോഡിലാണ് കാല്‍പ്പാടുകളുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന ആരംഭിച്ചു.
അതിനിടെ കാളികാവിലെ കടുവ ദൗത്യം 5-ാം ദിനവും തുടരുകയാണ്. ഇന്ന് ക്യാമറ പരിശോധന ആരംഭിച്ചു. ക്യാമറയില്‍ ഇതുവരെ ദൃശ്യങ്ങളൊന്നും കിട്ടിയിട്ടില്ല. കൂട് പരിശോധിച്ചെങ്കിലും കടുവ അകപ്പെട്ടിട്ടില്ല. ഇന്ന് മഞ്ഞള്‍പാറ ഭാഗത്താണ് തിരച്ചില്‍ നടത്തുന്നത്. ഡ്രോണ്‍ വെച്ചുള്ള നിരീക്ഷണം ഇന്നും തുടരും. അതിനിടെ, നരഭോജി കടുവയെ കൊല്ലണമെന്ന് കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോള്‍ ആവശ്യപ്പെട്ടു. മയക്കുവെടി വെച്ചാല്‍ പോര, കടുവയെ പിടിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ഭയപ്പാടോടെയാണ് ആളുകള്‍ അവിടെ കഴിയുന്നത്. നിലവില്‍ കാല്‍പ്പാടുകള്‍ കണ്ട ഭാഗം ജനവാസ മേഖലയാണ്. ടാപ്പിംഗ് തൊഴിലാളികളുടെ ജോലി ഉള്‍പ്പടെ മുടങ്ങി. എത്രയും വേഗം കടുവയെ പിടികൂടി കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.