ആശങ്കയൊഴിയാതെ കാളികാവ്; കടുവയെ പിടിക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു

Jaihind News Bureau
Monday, May 19, 2025

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊന്നുതിന്ന കടുവയെ പിടികൂടാന്‍ ശ്രമം അഞ്ചാം ദിവസവും തുടരുന്നു. കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയെങ്കിലും കൃത്യമായി സ്ഥലം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വനംവകുപ്പ് സംഘത്തെ കുഴക്കുകയാണ്. കടുവ പതിവായി ജീവികളെ പിടികൂടി തിന്നുന്നതായി കണ്ടെത്തിയ സ്ഥലത്തും വെള്ളം കുടിക്കാനായി ഇറങ്ങുന്നൂവെന്ന് കരുതുന്ന ചോലയുടെ അരികിലുമാണ് നേരത്തെ കൂടുകള്‍ സ്ഥാപിച്ചിട്ടുളത്. കടുവയെ പിടികൂടുന്നതുവരെ തിരച്ചില്‍ തുടരാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം.

നാല് സംഘങ്ങളായി നാല്പതിലേറെ പേരടങ്ങുന്ന സംഘമാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. ഇന്നും ഇതേ സംഘമായിരിക്കും തെരച്ചില്‍ തുടരുക. മയക്കുവെടി സംഘത്തലവന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ അലിയെ കൊലപ്പെടുത്തിയ തോട്ടം മേഖല ചെങ്കോട് മലവാരത്തിനും – സൈലന്റ് വാലി കാടുകളോടും ചേര്‍ന്നുകിടക്കുന്ന ചെങ്കുത്തായ പ്രദേശമാണ്. കടുവയെ മയക്കുവെടിവെച്ച് പിടിക്കുക ദുഷ്‌കരമാണെന്ന് വനമേഖല പരിചയമുള്ളവര്‍ പറയുന്നു.