കളമശേരി : വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടി സൂപ്രണ്ട് നല്‍കിയ പ്രാഥമിക റിപ്പോർട്ട് ഡിഎംഇ തള്ളി

Jaihind News Bureau
Wednesday, October 21, 2020

 

കൊച്ചി: ജീവനക്കാരുടെ അനാസ്ഥ കാരണം കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന്‍റെ പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തള്ളി. വിശദമായ റിപ്പോർട്ട് വേണമെന്ന് ഡിഎംഇ ആവശ്യപ്പെട്ടു. വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സൂപ്രണ്ടിന്‍റെ പ്രാഥമിക റിപ്പോർട്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് ഡിഎംഇയുടെ നിർദ്ദേശം.

അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരുടെയും മരിച്ച ഹാരിസിന്‍റെ ബന്ധുക്കളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. കൊവിഡ് വാർഡുകളിലെ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികൾ മരണപ്പെട്ടുവെന്നും വാർഡുകളിൽ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫീസർ ജലജ ദേവിയുടെ ശബ്ദ സന്ദേശത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്.

നഴ്സിങ് ഒഫീസറുടെ ശബ്ദ സന്ദേശം ശരിവെച്ച് ആശുത്രിയിലെ ഡോക്ടർ നജ്മയും രംഗത്തെത്തിയിരുന്നു. കൊവിഡ് വാർഡുകളിലെ ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധയും നിസംഗതയും പങ്കുവെച്ച ഡോക്ടര്‍ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.