കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി; മരിച്ചത് മോളി ജോയി

Jaihind Webdesk
Monday, November 6, 2023


കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ഥനായോഗത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണം നാലായി. പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ആലുവ കളമശേരി ഗണപതിപ്ലാക്കല്‍ മോളി ജോയി(61) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലായിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന മോളിയെ രാജഗിരി ആശുപത്രിയില്‍ നിന്നുമാണ് മെഡിക്കല്‍ സെന്ററിലെത്തിച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ആറുപേര്‍ ഇനിയും ചികില്‍സയിലുണ്ട്. 52ഓളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്. കാലടി സ്വദേശിയായ 12കാരി ലിബിന,ഇരിങ്ങോള്‍ വട്ടപ്പടി സ്വദേശി ലെയോണ പൗലോസ്, തൊടുപുഴ കാളിയാര്‍ സ്വദേശി കുമാരി എന്നിവരാണ് നേരത്തെ മരിച്ചത്.ഒക്ടോബര്‍ 29 ന് രാവിലെ 9.40 ഓടെയാണ് പ്രാര്‍ഥനായോഗം നടന്ന ഹാളിന്റെ മധ്യഭാഗത്തായി സ്‌ഫോടനമുണ്ടായത്. കേസില്‍ ഡൊമിനിക് മാര്‍ട്ടിനെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.