കേരളത്തിന്‍റെ നിരത്തുകളിലേക്കും ഇലക്ട്രിക് ഓട്ടോകൾ എത്തുന്നു…

Jaihind Webdesk
Tuesday, June 25, 2019

ഇന്ധനവില വർദ്ധനവ് വലക്കുന്ന ഒരു കൂട്ടരാണ് ഓടടോറിക്ഷ തൊഴിലാളികൾ. എന്നാൽ ഇതിനൊരു ശ്വാശത പരിഹാരമായി എത്തിരിക്കുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ്. ഇനി കേരളത്തിന്‍റെ നിരത്തുകളിൽ ഇലക്ട്രിക് ഓട്ടോകൾ സജീവമാകും.

വാണിജ്യാടിസ്ഥാനത്തിൽ ഓട്ടോ നിർമിക്കാൻ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന് കേന്ദ്ര അനുമതി ലഭിച്ചു. പുനെയിലെ ദി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയിലാണ് അംഗീകാരത്തിനുള്ള പരിശോധനകൾ നടന്നത്. അഞ്ച് ദിവസം മുൻമ്പാണ് ഇതിന് അംഗീകാരം ലഭിച്ചത്. ഇതോടെ രാജ്യത്ത് ആദ്യമായി വൈദ്യുത ഓട്ടോ നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനമായി കെ.എ.എൽ മാറി. നെയ്യാറ്റിൻകരയിലെ പ്ലാന്റിൽ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

കേരള നീം ജി എന്ന ബ്രാൻഡിലാണ് ഇലക്ട്രോണിക് ഓട്ടോറിക്ഷകൾ വിപണിയിൽ എത്തുന്നത്. ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ ഓടാൻ ഈ ഓട്ടോറിക്ഷക്കാവും. ഏകദേശം രണ്ടരലക്ഷം രൂപയാകും ഓട്ടോയുടെ വില. ജർമൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ബാറ്ററിയും 2 കെ.വി മോട്ടറുമാണ് ഓട്ടോയിലുള്ളത്. ഏകദേശം നാല് മണികൂർ കൊണ്ട് ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാം. ഒരു തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് വെറും 50 പൈസ മാത്രമേ ചിലവ് വരുന്നുള്ളു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരമാവധി 55 കിലോമീറ്റർ വേഗതയിൽ മാത്രമേ വാഹനം ഓടിക്കാനാകു. തികച്ചും ഇലക്ട്രിക്ക് വാഹനമായത്തിനാൽ മലിനീകരണം തീരെയില്ല. ഇ വെഹിക്കിൾ നയത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി, കോഴിക്കോട്, തിരുവന്തപുരം എന്നീ നഗരങ്ങളിൽ ഇനി ഇലക്ട്രോണിക് ഓട്ടോറിക്ഷകൾക്ക് മാത്രമേ പെർമിറ്റ് നൽകുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് കമ്പനിക്ക് കൂടുതൽ ഗുണകരമാകുമെന്നും എന്നാണ് കെ എ എൽ കണക്കാക്കുന്നത്.

ഓണത്തിന് ഇലക്ട്രിക്ക് ഓട്ടോറിക്ഷ വിപണിയിൽ എത്തുമെന്നാണ് സൂചന.

ഇ-വെഹിക്കിൾ നയത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഭാവിയിൽ ഇ-ഓട്ടോറിക്ഷകൾക്കു മാത്രമേ പെർമിറ്റ് നൽകൂ. 2020-ഓടെ ഈ നഗരങ്ങളിൽ 15,000 ഇ-ഓട്ടോകൾ നിരത്തിലിറങ്ങുമെന്നാണ് കണക്കു കൂട്ടുന്നത്.