“കാക്കിപ്പട” ഇനി തെലുങ്കിലും തമിഴിലും കന്നഡയിലും; പകര്‍പ്പവകാശം വന്‍തുകയ്ക്ക് പ്രമുഖ നിര്‍മ്മാണ കമ്പിനി സ്വന്തമാക്കി

Jaihind Webdesk
Saturday, January 21, 2023

ഷെബി ചൌഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട ഇനി തെലുങ്കും തമിഴും കന്നഡയും സംസാരിക്കും. തെലുങ്ക് സിനിമ ഇന്‍റസ്ട്രിയിലെ പ്രമുഖ നിർമ്മാണ കമ്പനി ചിത്രത്തിന്‍റെ അന്യഭാഷ അവകാശം സ്വന്തമാക്കി. ചിരഞ്ജീവിയെ നായകനാക്കി പന്ത്രണ്ടോളം ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവുവാണ് ചിത്രത്തിന്‍റെ  റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്ജീവിയെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഓഫീസിൽവച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്‍റെ കമ്പനി സ്വന്തമാക്കിയ വിവരം ഒഫീഷ്യലി പ്രഖ്യാപിച്ചത്. കാക്കിപ്പടയുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്ജീവി പറഞ്ഞതായി ഷെബി അറിയിച്ചു. മലയാള സിനിമയിൽ ഒരു ചെറിയ ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ തുക നൽകിയാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയിരിക്കുന്നത്. തന്‍റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ഷെബി കാക്കിപ്പടയുടെ വിൽപ്പനയെക്കുറിച്ച് വെളിപ്പെടുത്തിയത്. സംവിധായകനും കാക്കിപ്പടയുടെ നിർമ്മാതാവായ ഷെജി വലിയകത്ത് ചിരഞ്ജീവിക്കും കെ എസ് രാമറാവുവിനും ഒപ്പം നിൽകുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കു വച്ചു.