തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ദ ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖം ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. ദുരൂഹ അഭിമുഖത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കെയ്‌സന്‍ എന്ന പിആര്‍ ഏജന്‍സിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ബിജെപിക്കും വേണ്ടി ക്യാമ്പയിന്‍ നടത്തുന്ന കെയ്‌സന്‍ എന്ന അതേ കമ്പനിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നത് ഞെട്ടിക്കുന്നതാണ്.
സിപിഎം എക്കാലത്തും ശത്രുപക്ഷത്ത് നിര്‍ത്തിയ ഇന്ത്യന്‍ ബഹുരാഷ്ട്ര കുത്തകയാണ് അംബാനിയുടെ റിലയന്‍സ്. അതേ റിലയന്‍സിന് 75% ഓഹരിയുള്ള അവരുടെ ഷെല്‍ കമ്പനിയാണ് കെയ്‌സന്‍. കമ്പനി സിഇഒ വിനീത് ഹന്‍ഡെയും, ഉദ്യോഗസ്ഥനായ പ്രശാന്ത് സുബ്രഹ്‌മണ്യന്‍ എന്ന മലയാളിയുമാണ് ‘ഹിന്ദു’ അഭിമുഖം നടത്തുമ്പോള്‍ പിണറായിക്ക് ഒപ്പം ഉണ്ടായിരുന്നത് എന്ന സൂചനകള്‍ പുറത്തു വന്നു കഴിഞ്ഞു. പ്രശാന്ത് സുബ്രഹ്‌മണ്യന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള സിപിഎം മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ഇത് ആദ്യമായിട്ടല്ല മലപ്പുറത്തെക്കുറിച്ച് ഇത്തരം വംശീയ വാര്‍ത്തകള്‍ തയ്യാറാക്കാന്‍ പ്രശാന്ത് ശ്രമിച്ചിട്ടുള്ളത്.
നരേന്ദ്ര മോദിക്കും ബിജെപിക്കും വേണ്ടി വര്‍ഷങ്ങളായി സ്വദേശത്തും വിദേശത്തും പിആര്‍ പണിയെടുക്കുന്ന ഏജന്‍സിയാണ് കെയ്‌സന്‍ എന്ന് അവരുടെ സോഷ്യല്‍ മീഡിയ ഹാര്‍ഡിലുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതേ പിആര്‍ ഏജന്‍സിക്ക് എങ്ങനെ പിണറായി ചുവപ്പു പരവതാനി വിരിച്ചു എന്നതില്‍ അത്ഭുതപ്പെടുകയാണ് ഇടതു കേന്ദ്രങ്ങള്‍ പോലും. അവിടെയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആര്‍എസ്എസ് സിപിഎം ബന്ധം ശക്തിയാര്‍ജിക്കുന്നതും.
ദിവസങ്ങള്‍ക്ക് മുമ്പ് മിഡില്‍ ഈസ്റ്റ് മാധ്യമമായ ഖലീജ് ടൈംസ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖവും മുഖ്യമന്ത്രിക്ക് വേണ്ടി ഇതേ ഏജന്‍സി ഒരുക്കിയതാണെന്ന് വ്യക്തമാകുമ്പോള്‍ ഇവരുമായി പിണറായിക്കുള്ള ബന്ധം പൊടുന്നനെ ഉണ്ടായതല്ല എന്നും വ്യക്തമാകുന്നു.
മോദിക്ക് വേണ്ടിയും ബിജെപിക്ക് വേണ്ടിയും നിരന്തരം ക്യാമ്പെയ്ന്‍ നടത്തുന്നവരാണെന്ന് വ്യക്തമായതോടെ വിവാദം പിണറായിക്കും സിപിഎമ്മിനും ഇരുട്ടടിയാകുകയാണ്. പിണറായി സര്‍ക്കാരിന്റെ ആര്‍എസ്എസ്- സംഘ് പരിവാര്‍ ബന്ധം പ്രതിപക്ഷം ശക്തമായിരിക്കുമ്പോഴാണ് ഇത്തരമൊരു വാര്‍ത്തയും പുറത്തുവരുന്നത്.