തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിക്കാനായി ജയ്ഹിന്ദ് ടി.വി വ്യാജ ദൃശ്യങ്ങള്‍ സൃഷ്ടിച്ചുവെന്ന കൈരളി ചാനലിന്‍റേയും മുഖ്യമന്ത്രിയുടെയും വാദം തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസ് പുറത്ത് വിട്ടു. 2017ല്‍ തിരുവനന്തപുരത്ത് നടന്ന ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രിക്കൊപ്പം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ജയ്ഹിന്ദ് പുറത്ത് വിട്ടത്. അന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ച സ്വപ്ന മുഴുവന്‍ സമയവും അദ്ദേഹത്തിന്റെ സമീപത്ത് തന്നെ ഉണ്ടായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
സ്വപ്ന സുരേഷിന് യു.എ.ഇ കോണ്‍സുലേറ്റിലെ നിയമനത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ ശുപാര്‍ശ ചെയ്തുവെന്ന കൈരളി വാര്‍ത്തയും തെറ്റാണെന്ന് തെളിഞ്ഞു. നിയമനത്തിനായി ഉമ്മന്‍ ചാണ്ടിയും ശശി തരൂരും ശുപാര്‍ശ ചെയ്തു എന്ന് എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയി ജേക്കബ് പ്രതികരിച്ചുവെന്നായിരുന്നു പാര്‍ട്ടി ചാനലിന്‍റെ വാര്‍ത്ത. എന്നാല്‍ ഉമ്മന്‍ ചാണ്ടിയോ ശശി തരൂരോ അവരുടെ ഓഫീസില്‍ നിന്നോ ആരും ശുപാര്‍ശക്കായി വിളിച്ചിട്ടില്ലെന്ന് ബിനോയി ജേക്കബ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പറയാത്ത കാര്യങ്ങള്‍ കൈരളി ചാനല്‍ വളച്ചൊടിച്ചുവെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടേയും സർക്കാരിന്‍റേയും എല്ലാ പ്രതിരോധങ്ങളും ദുർബലമാവുകയാണ്. എം.ശിവശങ്കറിനെ ഓഫീസിൽ നിന്ന് മാറ്റി നിർത്തി തടിതപ്പാനുളള ശ്രമവും വിഫലമായി. ഓരോ നിമിഷവും പുറത്ത് വരുന്ന വാർത്തകൾ എല്ലാം വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ. ഇനി രക്ഷയില്ലെന്ന് മനസിലായതോടെയാണ് വ്യാജ പ്രചരണവുമായി കൈരളി ചാനല്‍ രംഗത്തെത്തിയത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലുകൾ തെളിവുകൾ സഹിതമാണ് ജയ്ഹിന്ദ് ടി.വി പുറത്തു കൊണ്ടു വന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായ എം. ശിവശങ്കറിന് പ്രതികളുമായുള്ള അടുത്ത ബന്ധവും പൊതു സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടി. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ ചുമതലയിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതനായത്.