സ്വർണക്കടത്തു കേസിൽ പ്രതികൂട്ടിലായ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും മുഖം രക്ഷിക്കാൻ പാർട്ടി ചാനലിനെ മുൻ നിരർത്തി സി.പിഎമ്മിന്റെ നാണം കെട്ട നീക്കം. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ജയ്ഹിന്ദ് ടി.വി. വ്യാജമായി ദൃശ്യങ്ങൾ നിർമ്മിച്ചു എന്നാണ് കൈരളി ചാനൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്.
എല്ലാ പ്രതിരോധങ്ങളും ദുർബലമാവുകയാണ്. എം.ശിവശങ്കറിനെ ഓഫീസിൽ നിന്ന് മാറ്റി നിർത്തി തടിതപ്പാനുളള ശ്രമവും വിഫലമായി. ഓരോ നിമിഷവും പുറത്ത് വരുന്ന വാർത്തകൾ എല്ലാം വിരൽ ചൂണ്ടൂന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ. ഇനി രക്ഷയില്ലെന്ന് മനസിലായതോടെയാണ് വ്യാജ പ്രചരണവുമായി സി.പി എം രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇതിന് കൂട്ടുപിടിച്ചിരിക്കുന്നത് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കൈരളി ചാനലിനെ.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ജയ്ഹിന്ദ് ടി.വി വ്യാജവാർത്ത സൃഷ്ടിച്ചു എന്നാണ് കൈരളി ചാനലിന്റെ കണ്ടെത്തൽ. യു.എ ഇ കോൺസിലേറ്റിന്റെ പരിപാടിൽ മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന സുരേഷ് നിൽക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും ജയ്ഹിന്ദ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ഇതിൽ ഒരു വീഡിയോയിൽ ആണ് പാർട്ടി ചാനൽ ആക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ആധികാരികത പരിശോധിച്ചാൽ കൈരളിയുടെ വാദങ്ങൾ കളവാണെന്ന് വ്യക്തമാകും.
സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലുകൾ തെളിവുകൾ സഹിതമാണ് ജയ്ഹിന്ദ് ടി.വി പുറത്ത് കൊണ്ട് വന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായ എം. ശിവശങ്കരന് പ്രതികളുമായുള്ള അടുത്ത ബന്ധവും പൊതു സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടി. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ ചുമതലയിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതനായത്.
സ്വപ്ന സുരേഷിന് ഉമ്മൻചാണ്ടിയുടെ കാലത്താണ് യു.എ ഇ കോൺസിലേറ്റിൽ നിയമനം നൽകിയതെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ പ്രചരണം. ഇതിന് പിന്നാലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മരുമകളാണ് സ്വപ്ന എന്ന പ്രചരണവുമായും അവർ രംഗത്ത് എത്തി. എന്നാൽ ഈ വ്യാജ പ്രചരണങ്ങൾക്കൊക്കെ നിമിഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളു. ആ ഗണത്തിലേക്ക് മറ്റൊരു വ്യാജ വാർത്ത കൂടിയാണ് സിപിഎം ക്യാമ്പിൽ നിന്നും ഉണ്ടായിരിക്കുന്നത്.