പാലക്കാട്: കാഫിര്‍ വിവാദത്തിന്‍റെ ഉദേശ്യം വോട്ടര്‍മാരെ ഭിന്നിപ്പിക്കലെന്ന് ഷാഫി പറമ്പില്‍ എംപി. തെറ്റ് ചെയ്തവര്‍ അത് തുറന്ന് സമ്മതിക്കണം. സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചവരെല്ലാം മാപ്പുപറയണം. മുഖമില്ലായിരുന്ന പ്രതികള്‍ക്ക് ഇപ്പോള്‍ മുഖമുണ്ടെന്നും എന്നിട്ടും കേസെടുക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ എംപി പാലക്കാട് പറഞ്ഞു .
വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണ് പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. സിപിഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന പോലീസ് കണ്ടെത്തലിനെ തുടർന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന്‍ എന്ന വാട്സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റെഡ് ബറ്റാലിയന്‍ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. അന്നേ ദിവസം അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. രാത്രി പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. ‘കാഫിര്‍’ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സിപിഐഎം കേന്ദ്രങ്ങള്‍ വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ ആധാരമാക്കി കെ.കെ. ശൈലജ ഉന്നയിച്ച കാഫിര്‍ പ്രയോഗം തരംതാഴ്ന്നതാണെന്നും വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും വടകര എംപി ഷാഫി പറമ്പിലും നേരത്തെ പ്രതികരിച്ചിരുന്നു.