കാഫിർ പോസ്റ്റ് വിവാദം സഭയിൽ; കെ.കെ. ലതികയെ ന്യായീകരിച്ച് മന്ത്രി എം. ബി. രാജേഷ്, ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം

 

തിരുവനന്തപുരം: കാഫിർ പോസ്റ്റർ വിവാദത്തിൽ ചോദ്യ ശരങ്ങളുമായി സഭയിൽ പ്രതിപക്ഷ എംഎൽഎമാർ. മാത്യു കുഴല്‍നാടൻ എംഎഎല്‍എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. യുവജന സംഘടന നേതാവിന്‍റെ പേരിലെ വ്യാജ പോസ്റ്റർ ഭരണകക്ഷി മുൻ എംഎൽഎ ഉൾപ്പെടെയുള്ളവർ പ്രചരിപ്പിച്ചതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് മാത്യു കുഴൽ നാടൻ. ഗുരുതരമായ കുറ്റകൃത്യമാണ് ഇതിന്‍റെ പിന്നിൽ നടന്നതെന്നും ഒരു തിരഞ്ഞെടുപ്പ് ജയിക്കുന്നതിനുവേണ്ടി വർഗീയ ദുഷ്പ്രചരണം നടത്തിയെന്നും പ്രതിപക്ഷ എംഎൽഎമാർ സഭയില്‍ വാദിച്ചു.

പോസ്റ്റ് വിവാദത്തില്‍ സിപിഎം നേതാവ് കെ.കെ. ലതികയെ പൂര്‍ണമായും ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി എം.ബി. രാജേഷ് ആണ് സഭയില്‍ മറുപടി നല്‍കിയത്. കെ.കെ. ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. മന്ത്രി മറുപടി പറയുന്നതിനിടെ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തന്‍റെ ചോദ്യത്തിന് മറുപടിയില്ലെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. ആരാണ് പ്രതികള്‍ എന്നും എഫ്ഐആര്‍ ഉണ്ടോയെന്നും മാത്യു കുഴല്‍ നാടൻ ചോദിച്ചു. എന്നാല്‍, പ്രൊഫൈല്‍ വിവരം ഫേസ്ബുക്കില്‍ നിന്നും കിട്ടണമെന്ന് എം.ബി. രാജേഷ് ആവര്‍ത്തിച്ചു. ഫേസ്ബുക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ കിട്ടിയാലെ അന്വേഷണം പൂര്‍ത്തിയാകുവെന്നും വര്‍ഗീയ പ്രചാരണങ്ങളില്‍ 17 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുന്‍ എംഎല്‍എ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചിട്ടും എന്തുകൊണ്ട് അവരെ പ്രതിയാക്കുന്നില്ലെന്നും മാത്യു കുഴല്‍നാടൻ ചോദിച്ചു. എന്നാല്‍, കെ.കെ. ലതികയ്ക്ക് എതിരെ കേസ് എടുക്കുന്നതില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. അതേസമയം, യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കാഫിർ ചോദ്യത്തിൽ നിന്നു ഭരണ പക്ഷം വഴി തെറ്റിച്ചു മറ്റ് ചോദ്യം ചോദിക്കുകയാണ്. കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുൻ എംഎല്‍എ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വി.ഡി. സതീശൻ ചോദിച്ചു. അടിയന്തര പ്രമേയം നോട്ടീസ് വേളയിൽ തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Comments (0)
Add Comment