കാഫിര്‍ വിവാദം: വർഗീയത ആളികത്തിക്കാൻ സിപിഎം ശ്രമിച്ചു, എം.വി. ഗോവിന്ദൻ വീണിടത്ത് കിടന്നുരുളുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, August 17, 2024

 

തിരുവനന്തപുരം: കാഫിർ പരാമർശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വീണടുത്തു കിടന്നു ഉരുളുന്നുവെന്ന്  മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. വർഗീയത ആളികത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കെ. കെ ലതികയെ ന്യായീകരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. എം.വി ഗോവിന്ദൻ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കാഫിർ വിഷയത്തിൽ വിചിത്ര വാദങ്ങളാണ് എം.വി ഗോവിന്ദൻ ഉയർത്തുന്നത്. പോലീസ് അന്വേഷണം നടത്തി യഥാർത്ഥ പ്രതികളിലേക്കെത്തുമ്പോൾ അന്വേഷണം നിർത്തിവയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കാഫിർ പരാമർശം വടകരയിൽ സമുദായിക സംഘർഷം ഉണ്ടാക്കാൻ സിപിഎം ബോധപൂര്‍വ്വം നടത്തിയ ശ്രമമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ‘പോരാളി ഷാജിയാണോ ഇടതുപക്ഷം? സിപിഎമ്മിന്‍റെ നിലപാട് പറയേണ്ടത് സൈബ‍ര്‍ ഇടത്തിലെ പോരാളിഷാജിമാരല്ല. ആരെയെങ്കിലും പുകമറയിൽ നിർത്തുകയോ സംശയത്തിന്‍റെ മുൾമുനയിൽ നിർത്തുകയോ അല്ല വേണ്ടതെന്നും കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം ഹേമാകമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ചെ മുന്നോട്ടുപോകുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ആത്യാവശ്യമാണ്. അത് സർക്കാരിന്‍റെ കടമയാണ്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സർക്കാരെണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.