മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

Friday, May 17, 2019

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ 10 മണിക്ക് മൃതദേഹം കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പില്‍. കെ. കരുണാകരന്‍, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന കടവൂര്‍ ശിവദാസന്‍ വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. നിയമസഭയില്‍ കുണ്ടറ, കൊല്ലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. തേവള്ളി ഗവ. ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.എസ്.എന്‍. കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടിയശേഷം എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി.

ആര്‍.എസ്.പി യിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ കടവൂര്‍ പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു. 1980 ലും 1982 ലും ആര്‍. എസ്.പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായുംജയിച്ചു. അംസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കണമെന്ന ആശയം കടവൂര്‍ ശിവദാസന്റേതായിരുന്നു. അതോടെയാണ് എല്ലാ മേഖലയിലും ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം തന്നെ കേരളത്തില്‍ നടപ്പില്‍ വന്നത്.വിജയമ്മയാണ് ഭാര്യ, മക്കള്‍: മിനി.എസ്, ഷാജി ശിവദാസന്‍.