Kadakampally Surendran| മന്ത്രിയായിരുന്നപ്പോള്‍ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

Jaihind News Bureau
Sunday, August 31, 2025

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരാതി. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പോത്തന്‍കോട് സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ എം. മുനീറാണ് ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയത്.

മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രന്‍ തന്നോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്‌തെന്നാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാനമായ വെളിപ്പെടുത്തലുണ്ടായപ്പോള്‍ കേസെടുത്ത് അന്വേഷണം നടത്തിയതിനെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാല്‍, കടകംപള്ളിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്ന ആവശ്യവും പരാതിക്കാരന്‍ ഉന്നയിച്ചു.