
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെ സി.പി.എം ക്യാമ്പുകളില്‍ പരിഭ്രാന്തി പടരുകയാണ്. സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യസൂത്രധാരന്‍ പോറ്റിയുമായി തനിക്ക് ബന്ധമില്ലെന്ന് ആദ്യം അവകാശപ്പെട്ട കടകംപള്ളി സുരേന്ദ്രന്‍, ചോദ്യം ചെയ്യലില്‍ മൊഴി മാറ്റിയിരിക്കുകയാണ്. പോറ്റിയെ ശബരിമലയില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും ഒരു ‘സ്‌പോണ്‍സര്‍’ എന്ന നിലയില്‍ അറിയാമെന്നുമാണ് മന്ത്രിയുടെ പുതിയ വിശദീകരണം. ഈ മൊഴിമാറ്റം തന്നെ കൊള്ളയില്‍ ഉന്നതരുടെ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്.
സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി 40 ദിവസത്തിലേറെയായി ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന പത്മകുമാറിനെതിരെ നാളിതുവരെ ഒരു സംഘടനാ നടപടിയും എടുക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ അച്ചടക്ക നടപടിയുടെ കാര്യത്തില്‍ മാതൃക കാട്ടുമ്പോള്‍, കൊള്ളക്കാരെ നെഞ്ചേറ്റുന്ന രീതിയാണ് സി.പി.എമ്മിന്റേതെന്ന് പരക്കെ വിമര്‍ശനം ഉയരുന്നുണ്ട്. അന്വേഷണം കൃത്യമായി നടക്കാത്തതില്‍ ഹൈക്കോടതി തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടും സര്‍ക്കാരും പാര്‍ട്ടിയും ‘മൗനവ്രതത്തിലാണ്’.
തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന് നേരിട്ട കനത്ത രാഷ്ട്രീയ തിരിച്ചടി ശബരിമലയിലെ വിശ്വാസവഞ്ചനയ്ക്കുള്ള ജനങ്ങളുടെ മറുപടിയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നിട്ടും ഭരണശൈലി തിരുത്താനോ കുറ്റവാളികളെ തള്ളിപ്പറയാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ ഈ ‘രക്ഷാ പൊളിറ്റിക്‌സ്’ രാഷ്ട്രീയമായി വന്‍ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ഇടതുമുന്നണിയിലെ തന്നെ ഘടകകക്ഷിയായ സി.പി.ഐ. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇരിക്കെ, ശബരിമല കേസ് സി.പി.എമ്മിന്റെ അഴിമതി വിരുദ്ധ മുഖംമൂടി പൂര്‍ണ്ണമായും അഴിച്ചുമാറ്റുമെന്നുറപ്പാണ്.