
ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ സി.പി.എം നേതൃത്വത്തെയാകെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണ്ണായക വെളിപ്പെടുത്തലുകൾ. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് എസ്.ഐ.ടിക്ക് മുൻപിൽ കടകംപള്ളിക്കെതിരെ ഗുരുതരമായ മൊഴി നൽകിയിരിക്കുന്നത്. അന്യസംസ്ഥാന സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി സുരേന്ദ്രനാണെന്നും, സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയ രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് എല്ലാ സഹായവും നൽകണമെന്ന് മന്ത്രി നേരിട്ട് നിർദ്ദേശിച്ചെന്നുമാണ് പോറ്റിയുടെ മൊഴി. ഹൈക്കോടതിയിൽ എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിലും മുൻ മന്ത്രിക്കെതിരായ ഈ ഗുരുതര പരാമർശങ്ങളുണ്ട്.
സ്പോൺസർമാരുടെ മൊഴിയിലും മുൻ മന്ത്രിയെ നേരിട്ട് പരിചയപ്പെട്ട കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണ്ണക്കൊള്ളയിൽ മന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ. അതേസമയം, തനിക്കെതിരായ ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനും പരാതിക്കാരിയും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് ആരോപിച്ച് പോറ്റി ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതി സിറ്റി പോലീസ് കമ്മീഷണർക്കോ എസ്.ഐ.ടിക്കോ കൈമാറാനാണ് നിലവിലെ തീരുമാനം.
ഹൈക്കോടതിയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ മുൻ മന്ത്രിക്കെതിരായ അന്വേഷണം നിലവിൽ ഇഴഞ്ഞുനീങ്ങുകയാണ്. ഭക്തരുടെ പണം കവർന്നെടുക്കാൻ സ്വർണ്ണക്കള്ളന്മാർക്ക് പച്ചക്കൊടി കാട്ടിക്കൊടുത്തത് പിണറായി സർക്കാരിലെ മുൻ മന്ത്രിയാണെന്ന വെളിപ്പെടുത്തൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എ. പത്മകുമാറിന് പിന്നാലെ കടകംപള്ളി സുരേന്ദ്രൻ കൂടി അന്വേഷണ നിഴലിലാകുന്നതോടെ ശബരിമല കൊള്ളയിൽ പാർട്ടി ഉന്നതരുടെ പങ്ക് കൂടുതൽ വ്യക്തമാകുകയാണ്.