കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ സിപിഎമ്മിനുള്ളില്‍ അതൃപ്തി ; പ്രസ്താവന ഇടതുമുന്നണിയെ വെട്ടിലാക്കുന്നതെന്ന് വിലയിരുത്തല്‍

Jaihind News Bureau
Saturday, March 13, 2021

Kadakampally-Surendran

 

 

തിരുവനന്തപുരം : ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലെ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുള്ളിലും കടുത്ത അതൃപ്തി. കടകംപള്ളിയുടെ പ്രസ്താവന ഇടതുമുന്നണിയെ വെട്ടിലാക്കുന്നതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ശബരിമലയില്‍ യുവതികള്‍ കയറാനിടയായതില്‍ ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രി തന്നെ തുറന്നുപറഞ്ഞത് പാര്‍ട്ടിനിലപാട് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നതിന് തുല്യമാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെയാണ്  ശബരിമല നിലപാടില്‍ മലക്കംമറിഞ്ഞ്  കടകംപള്ളി രംഗത്തെത്തിയത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ വിഷമമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ യുവതീപ്രവേശനത്തിന് പിന്തുണ നല്‍കി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയും ചെയ്ത സർക്കാരിലെ ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണത്തിലെ ആത്മാർത്ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

വിവിധ വിഷയങ്ങളില്‍ പൊളളിയ സർക്കാരിന് വീണ്ടുമൊരു ശബരിമല പരീക്ഷണം കൂടി താങ്ങാനാവില്ല എന്നതാണ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നില്‍. സ്ഥാനാർത്ഥി നിർണയം, സീറ്റ് വിഭജനം, സീറ്റ് കച്ചവടം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇടതു മുന്നണിക്കുള്ളില്‍ ഉയർന്നിരിക്കുന്ന കലാപം നേതാക്കളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമായിരുന്നു കടകംപള്ളി. ഇപ്പോള്‍ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള കടകംപള്ളിയുടെ പ്രതികരണം കള്ളക്കരച്ചിലാണെന്നാണ് ഉയരുന്ന വിമർശനം.