സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതില്‍ അസ്വസ്ഥന്‍ എന്ന് ഇന്നലെ നടത്തിയ പരസ്യ പ്രചരണം തള്ളി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍. സെക്രട്ടറിയേറ്റില്‍ എടുക്കാത്തില്‍ തനിക്ക് വിഷമമില്ലെന്നും സ്ഥാനങ്ങള്‍ പ്രതീക്ഷിച്ചല്ല രാഷ്ട്രീയത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തന്നെയാണ് എംഎല്‍എയും മന്ത്രിയുമാക്കിയത്. ഒരു സാധാരണ ഫാക്ടറി തൊഴിലാളിയുടെ മകനായ തനിക്ക് പാര്‍ട്ടി തന്നെയാണ് വലുതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
48 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘അടിയന്തരാവസ്ഥ കാലത്ത് 4 മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും ലഭിച്ച ജോലി പോലും വേണ്ടെന്ന് വച്ചാണ് മുഴുവന്‍ സമയ പ്രവര്‍ത്തകനായതെന്നും മാധ്യമങ്ങളോട് പറഞ്ഞു. 1975 മുതല്‍ തലസ്ഥാന ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പ്രവര്‍ത്തനത്തിലും നേതൃത്വം വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുപ്രായത്തില്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രണ്ട് തവണ നിയമസഭയിലേക്ക് വിജയിച്ചു. രണ്ട് തവണ തോറ്റു. ഉമ്മന്‍ചാണ്ടി ഭരണത്തിനെതിരെ ഐതിഹാസികമായ സെക്രട്ടറിയേറ്റ് വളയല്‍ സമരം നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊന്നും മറക്കരുത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വവും നല്ല രീതിയില്‍ നടത്തിയിട്ടുണ്ട്- കടകംപള്ളി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്താത്തതില്‍ തനിക്കില്ലാത്ത വേദനയും ഉത്കണ്ഠയുമാണ് മാധ്യമങ്ങള്‍ക്ക് എന്നാണ് കടകംപള്ളിയുടെ പുതിയ വാദം. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും താന്‍ പങ്കുവെച്ച ഫെയ്ബുക്ക് പോസ്റ്റിലെ ചിത്രത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുകയാണെന്നുമാണ് ഇപ്പോള്‍ കടകംപള്ളിയുടെ നിലപാട്. കടകംപള്ളിയെ കരുവാക്കി സിപിഎമ്മിനെ ആക്രമിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി.
എത്രയൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും, മാധ്യമങ്ങള്‍ക്കു മേല്‍ പഴിചാരിയാലും തന്റെ അതൃപ്തി തന്നെയാണ് കടകംപള്ളി ഇന്നലെ സമൂഹ മാധ്യമ പോസ്റ്റിലൂടെ തുറന്നടിച്ചത്. തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയത് സമര പാരമ്പര്യം അവകാശപ്പെടുന്ന കടകംപള്ളിക്ക് വേദന നല്‍കിയ ഒന്ന് തന്നെയാണ്. അതിന്റെ ഖേദ പ്രകടനം തന്നെയായിരുന്നു പോസ്റ്റിലൂടെ പുറത്ത് വന്നതും.