‘എന്‍റെ സെക്ഷ്വാലിറ്റി തുറന്നു പറയേണ്ട ആവശ്യം എനിക്കില്ല, അറിഞ്ഞപ്പോള്‍ പ്രകൃതി വിരുദ്ധമെന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം’; പുതുമുഖ താരം അനഘ രവി

Jaihind Webdesk
Sunday, December 3, 2023

മമ്മൂട്ടി ചിത്രം ‘കാതല്‍’ തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. മികച്ച പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് ചിത്രം. ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച പുതുമുഖ താരമാണ് അനഘ രവി. മമ്മൂട്ടിയുടെ മകളുടെ കഥാപാത്രമായിട്ടാണ് അനഘ അവതരിപ്പിച്ചത്. ‘ന്യൂ നോര്‍മല്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധിക്കപ്പെട്ട താരം സിനിമയില്‍ എത്തുന്നതിന് മുമ്പേ താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്‍റെ സെക്ഷ്വാലിറ്റിയെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് അനഘ.

തന്‍റെ സെക്ഷ്വാലിറ്റി തുറന്നു പറയേണ്ട ഒരു ആവശ്യവും തനിക്കില്ലെന്നും കാരണം അത് തന്‍റെ സ്വകാര്യതയാണെന്നും അനഘ പറഞ്ഞു.  സ്ട്രൈറ്റ് ആയിട്ടുള്ള ആളുകള്‍ അങ്ങനെയാണെന്ന് പറഞ്ഞു നടക്കില്ലല്ലോ. ഇതിനെ കുറിച്ച് അറിയാത്ത ആളുകള്‍ക്ക് അത് ബോധ്യപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു തന്‍റെ ലക്ഷ്യമെന്നും അനഘ കൂട്ടിച്ചേർത്തു.

‘എന്‍റെ അച്ഛനും അമ്മയ്ക്കും ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്‍റെ കാര്യം അറിഞ്ഞപ്പോള്‍ പ്രകൃതി വിരുദ്ധമാണെന്ന തരത്തിലായിരുന്നു അവരുടെ ആദ്യ പ്രതികരണം. രണ്ടുമൂന്ന് വര്‍ഷം പരിശ്രമിച്ചിട്ടാണ് അവരെ അതില്‍ നിന്നും മാറ്റിയെടുത്തത്. സെക്ഷ്വാലിറ്റ് എന്നത് ഒരു ട്രെന്‍ഡ് ആണെന്നായിരുന്നു അവരുടെ വിചാരം. എന്നാല്‍ അത് അങ്ങനെയല്ല എന്ന ബോധ്യപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചിരുന്നതെന്നും അനഘ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കാതല്‍ കണ്ട് ആ സിനിമയെ അംഗീകരിക്കാന്‍ കഴിയാത്ത ആളുകളോട് എന്താല്ലേ സിമ്പിളായി ചിന്തിച്ചാല്‍ അത് സ്നേഹമല്ലേ എന്ന് അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.’ അനഘ പറഞ്ഞു.