കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ രഹസ്യവിവരം ചോര്‍ത്തി; തിരുവല്ല എ.എസ്.ഐ.ക്ക് സസ്പെന്‍ഷന്‍

Jaihind News Bureau
Tuesday, December 2, 2025

 

കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഡി.ഐ.ജി. അജിതാ ബീഗം ആണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. തിരുവനന്തപുരം സ്വദേശിയാണ് ബിനു കുമാര്‍.

കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് തന്നെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായകമാകുന്ന രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒരു ബാറിലുണ്ടായ അടിപിടി കേസില്‍ ബെംഗളൂരുവില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിക്കേണ്ട രണ്ട് റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ ഒന്ന് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് എ.എസ്.ഐ. ബിനു കുമാര്‍ പ്രതികളുടെ അഭിഭാഷകന് കൈമാറിയതായി വ്യക്തമായി.

പ്രതികളുടെ അഭിഭാഷകനില്‍ നിന്ന് പണം വാങ്ങിയാണ് ഇത്തരത്തില്‍ രഹസ്യവിവരം ചോര്‍ത്തി നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബിനു കുമാറിനെ ആദ്യഘട്ടത്തില്‍ എ.ആര്‍. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. കൂടുതല്‍ നടപടിക്കായി ഇപ്പോള്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിശദമായ അന്വേഷണത്തിനുശേഷം മാത്രമായിരിക്കും തുടര്‍ നടപടി ഉണ്ടാകുക. കേസില്‍ കോന്നി ഡിവൈ.എസ്.പി വിശദമായ അന്വേഷണം നടത്തും.