പാലക്കാട്: വ്യാജ രേഖ നല്‍കി ഗസ്റ്റ് അധ്യാപക നിയമനത്തിനായി ശ്രമിച്ച മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ കണ്ടെത്താനായി സൈബര്‍ പോലീസിന്റെ സഹായം തേടി അഗളി പോലീസ്. കെ വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ പോലീസ് തെളിവെടുപ്പിനെത്തിയിരുന്നു. ബന്ധുവിന്റെയും അയല്‍വാസിയുടേയും സാന്നിധ്യത്തില്‍ ഒന്നരമണിക്കൂറോളം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം കെ വിദ്യക്കെതിരായ വ്യാജരേഖ കേസില്‍ പോലീസ് അന്വേഷണം ഇഴയുന്നു എന്ന ആരോപണം ശക്തമാവുകയാണ്. മാധ്യമങ്ങളോടടക്കം ഫോണുകളില്‍ സംസാരിക്കുന്ന വിദ്യയുടെ ഒളിവ് സ്ഥലം കണ്ടെത്താനാവാത്തത് കേരളാപോലീസിന്റെ ഒളിച്ചുകളിയാണെന്നും വ്യാപക പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു.
മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയും എസ്.എഫ്.ഐ നേതാവുമായിരുന്ന കെ. വിദ്യ വ്യാജരേഖ ചമച്ചെന്ന കേസില്‍ അഗളി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അട്ടപ്പാടി കോളജില്‍ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള ഡോ. ലാലിമോള്‍ വര്‍ഗീസിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. പിച്ച്ഡി പ്രവേശനത്തില്‍ കാലടി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമതി അന്വേഷണം നാളെ തുടങ്ങും. മലയാളം വിഭാഗത്തില്‍ നിന്ന് ഉടന്‍ രേഖകള്‍ ശേഖരിക്കും. എംഫില്ലിലും ചട്ടലംഘനം ഉണ്ടോയോയെന്നും പരിശോധിക്കും.
കഴിഞ്ഞ ജൂണ്‍ മൂന്നിന് കോട്ടത്തറ ആര്‍.ജി.എം കോളജില്‍ നടന്ന അഭിമുഖത്തില്‍ ഗസ്റ്റ് അധ്യാപികയാകാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയതാണ് കേസിനാസ്പദമായ സംഭവം.
മഹാരാജാസ് കോളജില്‍ രണ്ടു വര്‍ഷം പഠിപ്പിച്ചിരുന്നതായ വ്യാജ രേഖയാണ് മുന്‍ എസ്എഫ് ഐ നേതാവായ കെ വിദ്യ സമര്‍പ്പിച്ചത്. മഹാരാജാസ് കോളേജിലെ മുന്‍ അധ്യാപികയായിരുന്ന ലാലിമോള്‍ക്ക് തോന്നിയ സംശയത്തില്‍ മഹാരാജാസില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജ രേഖയാണെന്ന് വ്യക്തമായത്. ഇക്കാലയളവില്‍ മഹാരാജാസ് മലയാളം വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിഷയം വിവാദമായതോടെ കാസര്‍കോട് കരിന്തളം ഗവ. കോളജിലും ഇതേ വ്യാജരേഖ സമര്‍പ്പിച്ചാണ് കഴിഞ്ഞ വര്‍ഷം മലയാളം അധ്യാപികയായി കെ വിദ്യ ജോലി നേടിയതെന്നും പരാതി ഉയര്‍ന്നു. ഇതേതുടര്‍ന്ന് പ്രിന്‍സിപ്പല്‍ ചുമതലയിലുള്ള ഡോ. ജെയ്‌സണ്‍ ബി. ജോസഫിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.