തൃശൂർ അപകടം : കെ സ്വിഫ്റ്റിന്‍റെയും പിക്കപ്പ് വാനിന്‍റെയും ഡ്രൈവർമാർ അറസ്റ്റില്‍

Friday, April 15, 2022

തൃശൂർ കുന്നംകുളത്ത് വഴിയാത്രക്കാരൻ അപകടത്തിൽ മരിച്ച സംഭവത്തിൽ കെ സ്വിഫ്റ്റ് ബസിന്‍റെയും പിക്കപ്പ് വാനിന്‍റെയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. അപകടമുണ്ടായ ബസും വാനും ഇന്നലെ രാത്രി തന്നെ കുന്നംകുളം പോലീസ്കസ്റ്റഡിയിൽ എടുത്തിരുന്നു. ഡ്രൈവർമാരെ വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബസ് ഡ്രൈവർ വിനോദ്, വാൻ ഡ്രൈവർ സൈനുദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തമിഴ്നാട് സ്വദേശി പെരിയ സ്വാമിയാണ് ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണ്. റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കാലിന് ശേഷി കുറവുള്ളയാണ്. റോഡിൽ വീണ പെരിയ സ്വാമിയുടെ കാലിൽ കൂടി ബസ് കയറിയിറങ്ങി പോയി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ആദ്യം സ്വിഫ്റ്റ് ബസിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പോലീസിൽ അറിയിച്ചിരുന്നു.