തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന് പിന്നാലെ കുഴല്‍പ്പണ, ധന ഇടപാട് ആരോപണങ്ങളിലും പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ കരുനീക്കങ്ങള്‍ ശക്തമായി. തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സംസ്ഥാനം ഭരിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തുമെന്നുമായിരുന്നു സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപിക്ക് സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന സീറ്റും നഷ്ടമായി.
സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറക്കാന്‍ മറുപക്ഷം കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന നേതൃത്വം പണം വാങ്ങിയെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. നേമം സീറ്റ് നഷ്ടമായത് മാത്രമല്ല, നാലരലക്ഷത്തിലേറെ വോട്ട് നഷ്ടമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണക്കേസും സി.കെ ജാനുവിന് പണം നല്‍കി യതും പുറത്തുവരുന്നത്. കേസില്‍ ചോദ്യം ചെയ്യപ്പെട്ട ബിജെപി നേതാക്കളെല്ലാം സുരേന്ദ്രനുമായി ഏറെ അടുപ്പമുള്ളവരാണ്. കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.
മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് പി.പി മുകുന്ദന്‍ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ആരോപണങ്ങളില് സുരേന്ദ്രന്‍ മറുപടി പറയണമെന്ന് മുകുന്ദന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ബിജെപി രോഗഗ്രസ്തമായിരിക്കുന്നുവെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്നും നേതൃമാറ്റം സൂചിപ്പിച്ച് മുകുന്ദന്‍ തുറന്നടിച്ചു. പാര്‍ട്ടിയിലെ മറ്റ് നേതാക്കളാരും സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ എത്തിയിട്ടുമില്ല. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കെ സുരേന്ദ്രന്‍.