തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഇപി ജയരാജന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് വരികയാണ്. അതെ സമയം ഡിസി ബുക്സിനെ തള്ളി ജയരാജൻ പറയുന്നത് വിശ്വസിക്കുന്നുവെന്നാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രതികരണം. താൻ ആരെയും ഒന്നും ഏല്പിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞതാണെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണ് എന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്.
സിപിഎമ്മിൻ്റെ മുതിർന്ന നേതാവായ ഇപി ഒന്നുകൊണ്ടും ഭയക്കേണ്ടതില്ലെന്നാണ് കെ സുരേന്ദ്രൻ്റെ പ്രതികരണം. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ജയരാജൻ്റെ വെളിപ്പെടുത്തലുകൾ. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും ബിജെപി സംസ്ഥാ പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
നേരത്തെ ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യർക്ക് സിപിഎം സംരക്ഷണം ഒരുക്കുമെന്ന് എ കെ ബാലൻ പറഞ്ഞിരുന്നു. സന്ദീപ് വാര്യർ സിപിഎമ്മിലേക്ക് വരികയാണെങ്കിൽ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും സിപിഎമ്മിന്റെ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി.
ഒരു ഭാഗത്ത് ഇ പി ജയരാജനെ കെ സുരേന്ദ്രനും മറുഭാഗത്ത് സന്ദീപ് വാര്യരെ സിപിഎമ്മും സംരക്ഷിക്കുകയാണ്. സിപിഎം നേതാക്കൾക്ക് സംരക്ഷണം നൽകുന്ന ബിജെപിയും, ബിജെപി നേതാക്കൾക്ക് സംരക്ഷണം നൽകുന്ന സിപിഎമ്മും എന്ത് സന്ദേശമാണ് കേരളത്തിന് നൽകുന്നത് എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്. ബിജെപി എതിർക്കുന്നത് തങ്ങളാണെന്ന് മേനി നടിക്കുന്ന സിപിഎം അതേ ബിജെപി നേതാക്കളെ തങ്ങളുടെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ആണ്. മറുഭാഗത്ത് സിപിഎമ്മിന്റെ പ്രധാന നേതാക്കൾക്ക് സംരക്ഷണം പരസ്യമായി പ്രഖ്യാപിച്ച് ബിജെപിയും രംഗത്ത് വരുന്നു.
പ്രതിപക്ഷം ഉന്നയിച്ചത് പോലെ സിപിഐ ബിജെപി ഡി കേരളത്തിൽ നടക്കുന്നു എന്നതിന് ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്. നടക്കുന്ന പാലക്കാട് ചേലക്കര മണ്ഡലങ്ങളിൽ ബിജെപിയും സിപിഎമ്മും ഒത്തുകൾ നടക്കുന്നു എന്ന് നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഇത് കുറച്ചുകൂടി സാധൂകരിക്കുന്ന കാര്യങ്ങളാണ് ഓരോ ദിവസം കഴിയുംതോറും പുറത്തുവരുന്നത്.
സിപിഎമ്മിനും രണ്ടാം പിണറായി സർക്കാരിനും എതിരെ രൂക്ഷമായി വിമർശനം ഉന്നയിക്കുന്നതാണ് ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇപിയുടെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്നാണ് ഇന്ന് പുറത്തുവന്ന വിവരങ്ങള്‍. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ബിജെപി നേതാവിനെക്കണ്ട വിഷയത്തിൽ പാർട്ടി തന്നോട് നീതി കാണിച്ചില്ല എന്നതടക്കമുള്ള വെളിപ്പെടുത്തൽ മുതിർന്ന സിപിഎം നേതാവിൻ്റെ ആത്മകഥയിൽ ഉണ്ടെന്നാണ് സൂചനകൾ. എന്നാൽ ഈ പ്രചരണങ്ങളെയെല്ലാം ജയരാജൻ തള്ളിയിരുന്നു.