ബിജെപിക്ക് സീറ്റൊന്നേ പോയുള്ളൂ, അടിത്തറ ഭദ്രമെന്ന് സുരേന്ദ്രൻ ; ട്രോള്‍ വര്‍ഷം

Jaihind Webdesk
Saturday, June 12, 2021

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അടിത്തറയിൽ  വിള്ളലുണ്ടായിട്ടില്ലെന്ന സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ ട്രോള്‍വർഷം. സീറ്റൊന്നെ പോയുള്ളുവെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. അപ്പോള്‍ ബാക്കി 139 ഉം ജയിച്ചോയെന്ന് ട്രോളന്‍മാർ ചോദിക്കുന്നു. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

‘ഈ നാട്ടിലെ ജനങ്ങൾക്കറിയാം ഞങ്ങളുടെ വോട്ടുബാങ്ക് എവിടെയാണ് നിൽക്കുന്നത്. ഞങ്ങളുടെ അടിത്തറയിൽ ഒരു വിള്ളലുമുണ്ടായിട്ടില്ല. സീറ്റൊന്നു പോയി. അതിനെ സംബന്ധിച്ച് ഞങ്ങൾ ആവശ്യമായ നടപടികൾ എടുക്കും. ബംഗാളിൽ ഒരു സീറ്റു പോലും സിപിഎമ്മിന് കിട്ടിയില്ല. ഒറ്റൊരു സീറ്റു നിങ്ങൾക്കുണ്ടായിരുന്നില്ല. 35 കൊല്ലം നിങ്ങൾ ഭരിച്ച സംസ്ഥാനമാണ്. നിങ്ങളുടെ പാർട്ടി അവിടെ വട്ടപ്പൂജ്യമായി. സീതാറാം യെച്ചൂരിക്ക് ഒരു വേവലാതിയുമില്ലേ?’ – സുരേന്ദ്രൻ ചോദിച്ചു.

അതിനിടെ സി.കെ ജാനുവിനെതിരായ പണമിടപാടില്‍ കെ.സുരേന്ദ്രനുമായുളള സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ പ്രസീത അഴീക്കോട് പുറത്തുവിട്ടു. സി.കെ ജാനുവിന് പണം നല്‍കുന്നതിനെപ്പറ്റിയാണ് സംഭാഷണം. പി.കെ. കൃഷ്ണദാസിനോട് ഇക്കാര്യങ്ങള്‍ പറയരുതെന്നും സംഭാഷണത്തില്‍ സുരേന്ദ്രന്‍ പറയുന്നു.

‘ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. രാവിലെ ഒൻപത് മണിയോടെ കാണാനെത്താം’ എന്നും സി.കെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ’ എന്നും ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നു.

സി.കെ. ജാനുവിന് എൻ.ഡി.എയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു. മാർച്ച് ഏഴാം തീയതി സുരേന്ദ്രൻ നേരിട്ട് പണം നൽകിയെന്നും പ്രസീത പറഞ്ഞിരുന്നു.

പണം കൈമാറിയതായി പ്രസീത പറയുന്ന തലസ്ഥാനത്തെ ഹോട്ടലിൽ അന്നേദിവസം സി.കെ. ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടൽ ബില്ലും പുറത്തുവന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയാണ് റൂമെടുത്ത് നൽകിയതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്.