ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാത്ത ഭരണഘടനാ വിരുദ്ധമായ നടപടി തിരുത്തണം ; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ കെ സുധാകരൻ എം.പിയുടെ കത്ത്

Jaihind Webdesk
Tuesday, April 27, 2021

 

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാത്ത ഭരണഘടനാവിരുദ്ധമായ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ നേരിടുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ സാഹചര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നിയമനാധികാര കമ്മിറ്റിയിലെ അംഗങ്ങൾക്ക് രൂക്ഷ വിമർശനമടങ്ങിയ കത്ത് കെ.സുധാകരൻ എം.പി. നല്കി.

രാജ്യത്തെ പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനായി ഭരണഘടനാഭേദഗതി വഴി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനായി രൂപീകൃതമാകേണ്ടുന്ന സംവിധാനമായിട്ടും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ
ദീർഘകാലമായി അധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ട് മെമ്പർമാരുടെ തസ്തികയിലും സുപ്രധാന മായ അന്വേഷണം നടത്തേണ്ടുന്ന ഡയരക്ടർ ജനറൽ ഓഫ് ഇൻവെസ്റ്റിഗേഷൻ തസ്തികയിലേക്കും ഒരു വ്യക്തിയെ പോലും നിയമിച്ചിട്ടില്ല എന്നതും ദീർഘകാലമായി ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഒരു വ്യക്തിയെപ്പോലും നിയമിക്കാതിരിക്കുന്ന നടപടിയിലും അസ്വാഭാവികത ഉണ്ടെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രധാന തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നതിനാൽ ഗൗരവമേറിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന നിലവിലെ സാഹചര്യങ്ങളിൽ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണം കാര്യക്ഷമമാവുന്നില്ല
എന്ന ഗുരുതരമായ ആരോപണമാണ് കെ.സുധാകരൻ എം പി. കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനിലെ നിയമനങ്ങൾ നടത്താത്തത് ജനാധിപത്യ വിരുദ്ധമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14.21 വകുപ്പുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശ കമ്മിഷന്‍റെ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കാൻ ചുമതലയുള്ള കമ്മിറ്റിയുടെ ചെയർമാനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ലോക്സഭാ സ്പീക്കർക്കും ആഭ്യന്തര മന്ത്രിക്കും ലോകസഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾക്കും രാജ്യസഭാ ഡപ്യൂട്ടി ചെയർമാനും എഴുതിയ കത്തിലാണ് കെ.സുധാകരൻ എം.പി മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവാദപ്പട്ട തസ്തികൾ ഒഴിഞ്ഞ് കിടക്കുന്നതിലെ രോഷം വ്യക്തമാക്കിയത്.