കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വീണ്ടും നശിപ്പിച്ചു; ബോധപൂർവം പ്രകോപനമുണ്ടാക്കാന്‍ സിപിഎം ശ്രമമെന്ന് യുഡിഎഫ്

Jaihind Webdesk
Saturday, April 13, 2024

 

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ. എളയാവൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. എളയാവൂർ കോളനി പരിസരത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.

കഴിഞ്ഞ ദിവസം കെ. സുധാകരൻ പ്രദേശത്ത് പ്രചാരണത്തിന്‍റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കാൻ എത്തിയിരുന്നു. ഇതിനുശേഷമാണ് കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകൾ ഉൾപ്പെടെ നശിപ്പിച്ചത്. പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാൻ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി യുഡിഎഫ് നേതൃത്വം ആരോപിച്ചു.

മുമ്പും വിവിധ ഇടങ്ങളില്‍ കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. പരാജയ ഭീതി കൊണ്ടാണ് എതിരാളികളുടെ നടപടിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെന്നും യുഡിഎഫ് ആരോപിച്ചു.