ഇനി കെ.എസ് നയിക്കും ; കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി ചുമതലയേറ്റു

Jaihind Webdesk
Wednesday, June 16, 2021

തിരുവനന്തപുരം : കെപിസിസിയുടെ പുതിയ പ്രസിഡന്‍റായി കെ സുധാകരന്‍ എം.പി ചുമതലയേറ്റു. കെപിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷസ്ഥാനം കെ സുധാകരന് കൈമാറി. വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി തോമസ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ എന്നിവരും ചുമതലയേറ്റു.

ഈ മാസം എട്ടിനാണ് കെപിസിസി പ്രസിഡന്‍റിനെയും വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയും നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് ഇത്തരവ് വന്നത്. പിന്നാലെ നേതാക്കള്‍ക്ക് നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് അഭിനന്ദനപ്രവാഹമായിരുന്നു. ശനിയാഴ്ച മുതല്‍ സ്വന്തം തട്ടകമായ കണ്ണൂരിലടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ഘടകകക്ഷി നേതാക്കളെയും നേരില്‍ കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലായിരുന്നു സുധാകരന്‍. പാര്‍ട്ടിക്കു വേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷികളുടെ കുടീരങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, തെന്നല ബാലകൃഷ്ണപിള്ള, വി.എം സുധീരന്‍, സി.വി പത്മരാജന്‍, പ്രൊഫ. കെ.വി. തോമസ്, കെ. മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി കെ സുധാകരന്‍ എം.പി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.