രാജ്യദ്രോഹ കുറ്റം : ഐഷയ്ക്കും ദ്വീപ് ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ച് കെ സുധാകരന്‍

Jaihind Webdesk
Saturday, June 12, 2021

കേന്ദ്ര സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയ  ഐഷ സുൽത്താനയ്ക്കും ലക്ഷദ്വീപ് ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഐഷ സുല്‍ത്താന ചാനല്‍ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന്‍റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി എതിർ സ്വരത്തെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്‍റെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ. സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരൻമാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ നാടിനാവശ്യമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

അങ്ങേയറ്റം സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണിൽ അപരവൽക്കരിച്ച് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി
RSS അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ.ഈ നടപടികൾക്കെതിരെയുള്ള പോരാട്ടം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കും.
സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ചാനൽ ചർച്ചക്കിടെ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്ത നടപടി എതിർ സ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്.
ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും UAPA ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമർശിക്കാൻ തയ്യാറാകാത്തതിൽ അത്ഭുതപ്പെടാനില്ല. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നിൽക്കുക എന്ന അവരുടെ നയം നടപ്പിലാക്കുകയാണ് ഇടത് പക്ഷം.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരൻമാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ നാടിനാവശ്യം. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ.സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ ഐഷ സുൽത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം.