വൈദ്യുതി ബില്ലിലെ പകൽക്കൊള്ളയിൽ നിന്ന് സർക്കാർ പിൻമാറണം : കെ.സുധാകരൻ എം.പി

Jaihind News Bureau
Tuesday, June 16, 2020

കൊവിഡ് പ്രതിസന്ധിയുടെ പ്രയാസകരമായ സാഹചര്യത്തിൽ ജോലിയും കൂലിയുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ അന്യായമായ രീതിയിൽ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടി ക്രൂരതയാണെന്നും തെറ്റായ നടപടിയിൽ നിന്നും സർക്കാർ അടിയന്തിരമായി പിൻമാറണമെന്നും കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ആകെയുള്ള ഒരു കോടി മുപ്പതു ലക്ഷം ഉപഭോക്താക്കളിൽ നിന്ന് ഒരു ലക്ഷം പേർ അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ പരാതിപ്പെട്ടുവെന്നാണ് വൈദ്യുതി ബോർഡ് ചെയർമാൻ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
കിട്ടിയ പരാതിയിൽ അഞ്ചു ശതമാനം ന്യായമാണെന്ന് ചെയർമാൻ തന്നെ സമ്മതിക്കുന്നുണ്ട്. തെറ്റായ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാറിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് കരുതിയാണ് ഭൂരിഭാഗം ജനങ്ങളും പരാതിപ്പെടാതിരുന്നത് എന്നതാണ് യാഥാർത്ഥ്യം.

വീട് പൂട്ടിയിട്ട് വൈദ്യുതി ഉപയോഗിക്കാത്തവർക്കും താങ്ങാനാകാത്ത ബിൽ നൽകി കെ.എസ്.ഇ.ബി ദ്രോഹിച്ചിട്ടുണ്ട്. അന്യായമായി ചുമത്തിയ വൻതുക അടയ്ക്കുന്നവർക്ക് പുനഃപരിശോധനയ്ക്ക് ശേഷം തിരിച്ചുനൽകുമെന്നാണ് ഇപ്പോൾ ബോർഡ് പറയുന്നത്. അന്യായം ബോധ്യപ്പെടുത്താൻ ജനങ്ങൾ എത്ര തവണ ഓഫീസിൽ കയറിയിറങ്ങേണ്ടിവരുമെന്നും കയ്യിൽ കാശില്ലാതെ നട്ടം തിരിയുന്ന ജനങ്ങൾ വൻ തുക എങ്ങിനെ അടയ്ക്കുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കേണ്ടതുമാണ്.

പണിയില്ലാതെ പട്ടിണിയിലായ ജനങ്ങൾ അഭിമാന ബോധമുള്ളത് കൊണ്ടാണ് മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടാൻ വരാത്തത്.
ദുരിതപൂർണ്ണമായ സാഹചര്യം നാടൊന്നാകെ അഭീമുഖികരിക്കുമ്പോൾ പട്ടിണി കിടക്കുന്നവന്‍റെ പോക്കറ്റടിക്കുന്ന സമീപനമാണ് ഗവൺമെന്‍റ് സ്വീകരിക്കുന്നത്.

വൈദ്യുതി വകുപ്പിന്‍റെ കൊള്ളരുതായ്മയും, കഴിവേടും കൊണ്ട് സാധാരണക്കാർക്ക് മേൽ വന്ന സാമ്പത്തിക ഭാരം ഒഴിവാക്കാൻ അപേക്ഷ നൽകണമെന്ന മറുപടി തന്നെ അപഹാസ്യമാണ്. പരാതി നൽകാതെ തന്നെ എല്ലായാളുകൾക്കും ന്യായമായി ലഭിക്കേണ്ട അവരുടെ അവകാശമാണ് കെ.എസ്.ഇ.ബി നിഷേധിക്കുന്നത്.

സ്വന്തം തെറ്റ് മനസിലാക്കി തിരുത്താനും അതുവഴി ജനങ്ങൾക്ക് ആശ്വാസം പകരാനും ഉള്ള വിവേകം സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും തെറ്റ് തിരുത്താൻ അടിയന്തിരമായി സർക്കാർ തയ്യാറാവണമെന്നും ഏകപക്ഷീയമായി ജനങ്ങൾക്ക് നല്‍കിയ അമിത വൈദ്യുതി ബില്ല് പിൻവലിച്ച് ഉപഭോക്താക്കളെ വൈദ്യുതി ഓഫീസ് കയറി ഇറങ്ങുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും കെ.സുധാകരൻ എം.പി പ്രസ്താവനയിൽ ആവശ്വപ്പെട്ടു.