അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താനുള്‍പ്പെടെയുള്ള നേതാക്കളിരുന്ന സ്റ്റേജിനെ ലക്ഷ്യമിട്ട് ഗ്രനേഡ്, ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. നേതാക്കള്‍ വേദിയില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെയാണ് പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചത്. ഇത് തികച്ചും പതിവില്ലാത്ത നടപടിയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശ പ്രകാരമാണ് പോലീസിന്റെ ആക്രമണം ഉണ്ടായത്. പോലീസിനകത്ത് ഗുണ്ടകളെ ഇതിനായി തയ്യാറാക്കി നിര്‍ത്തിയിരുന്നു. ക്രിമിനല്‍ പോലീസുകാര്‍, ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍ എന്നിങ്ങനെ പോലീസിനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ധിക്കാരിയായ ഭരണാധികാരിയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്ക് ഒരു നിലയും വിലയും നല്‍കാത്തയാളാണ്. പലരും കേരളം ഭരിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത്തരം ക്രിമിനല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പോലീസിനെ കണ്ട്രോള് ചെയ്യുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്നും കെ സുധാകരന് വിമര്‍ശിച്ചു.