‘പാരഡി ഗാനത്തില്‍ സി.പി.എം കാലിടറി വീണു; കേസുമായി വന്നാല്‍ എല്ലാവരും ചേര്‍ന്ന് പാടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Friday, December 19, 2025

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ കേസെടുത്ത നടപടിയില്‍ സി.പി.എമ്മിനും സര്‍ക്കാരിനും കടുത്ത തിരിച്ചടിയാണ് നേരിട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വൈകിയാണെങ്കിലും ഗാനത്തിനെതിരായ നീക്കത്തില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാരിന് സദ്ബുദ്ധി ഉദിച്ചത് നന്നായെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പാരഡി ഗാനത്തിനെതിരെ കേസെടുത്ത് അതിനെ അടിച്ചമര്‍ത്താന്‍ നോക്കിയ സി.പി.എം നീക്കം പാളിപ്പോയെന്ന് സണ്ണി ജോസഫ് പറഞ്ഞു. ‘ആ വരികള്‍ ഇപ്പോള്‍ ജനഹൃദയങ്ങളില്‍ പതിഞ്ഞു കഴിഞ്ഞു. അതൊരു തരംഗമായി മാറി. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എം ഈ വിഷയത്തില്‍ കാലിടറി വീഴുകയാണ് ചെയ്തത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി ഈ വിഷയവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സി.പി.എം ഭാവമെങ്കില്‍ അത് മറ്റൊരു വലിയ മണ്ടത്തരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവിലെ സി.പി.എം നേതൃത്വത്തോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം ശ്രമിക്കുന്നതെന്ന് പറഞ്ഞ സണ്ണി ജോസഫ് ജനങ്ങളുടെ ഭാഗത്ത് നില്‍ക്കുന്നതിന് പകരം ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്റേതെന്നും ആരോപിച്ചു.

പാരഡി ഗാനത്തിന്റെ പേരില്‍ പൊലീസ് കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ഈ പാട്ട് വീണ്ടും പാടുമെന്ന് എ.ഐ.സി.സി വക്താവ് പവന്‍ ഖേരയും പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.