നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്‍റെ തൊലിക്കട്ടി സമ്മതിക്കണം: കെ സുധാകരൻ എംപി

Jaihind Webdesk
Monday, August 29, 2022

 

കണ്ണൂര്‍: നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്‍റെ തൊലിക്കട്ടി സമ്മതിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. കാര്യം നടക്കാൻ ആരുടെ കാലും പിടിക്കാൻ മടിയില്ലാത്ത മുഖ്യമന്ത്രി ഈ രാജ്യത്തെ എല്ലാ നിയമങ്ങളെയും അദ്ദേഹത്തിന്‍റെ ചൊൽപ്പടിക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിന് ഗവർണർ കൂട്ടുനിൽക്കാത്തതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ സർക്കാർ നീങ്ങുന്നതെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

നെഹ്‌റു ട്രോഫി വള്ളം കളിക്ക് അമിത് ഷായെ ക്ഷണിച്ച സർക്കാർ നടപടിയെ അദ്ദേഹം അതിരൂക്ഷമായി വിമർശിച്ചു. പിണറായിക്ക് ഒരു തരി പോലും അഭിമാന ബോധമില്ല. ആർക്കുവേണ്ടിയാണ് ലാവലിൻ കേസ് 30 തവണ മാറ്റിവെച്ചത് എന്ന് എല്ലാവർക്കുമറിയാം. കാര്യം നടക്കാൻ ആരുടെ കാലും പിടിക്കുന്നയാളാണ് പിണറായി വിജയൻ. അമിത് ഷായെ വള്ളം കളിക്ക് ക്ഷണിക്കാൻ പിണറായിക്ക് നാണമില്ലേയെന്നും കെ സുധാകരൻ എംപി ചോദിച്ചു. സർവകലാശാലകളിലെ അനധികൃത നിയമനങ്ങൾ മറച്ചുവെക്കാൻ ഗവർണറെ ചൊൽപ്പടിക്ക് നിർത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി ഹൈക്കമാൻഡിന്‍റെ തീരുമാനമാണ് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാൻ വേണ്ടിയാണെന്നും കെപിസിസി പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.