‘വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ തിരിച്ചടി’; കെ. സുധാകരന് കണ്ണൂരില്‍ ആവേശ്വോജ്ജ്വല സ്വീകരണം

Jaihind Webdesk
Tuesday, June 11, 2024

 

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച കെ. സുധാകരന്‍ എംപിയുടെ നന്ദി രേഖപ്പെടുത്തല്‍ യാത്രയ്ക്ക് ധര്‍മ്മടം അസംബ്ലിയിലെ ചാലയില്‍ നിന്ന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലമായ ധര്‍മ്മടത്ത് പര്യടനം നടത്തിയ കെ. സുധാകരന്‍ എംപിയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ തിരിച്ചടിയാണ് തന്‍റെ ഭൂരിപക്ഷമെന്ന് കെ. സുധാകരന്‍ എംപി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നിന്നാണ് കെ, സുധാകരന്‍ എംപി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തല്‍ യാത്ര ആരംഭിച്ചത്. സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ ധര്‍മ്മടത്ത് 2616 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ചെമ്പിലോട് പഞ്ചായത്തിലെ ചാലയില്‍ നിന്നാണ് കെ. സുധാകരന്‍ എംപിയുടെ പര്യടനം ആരംഭിച്ചത്. ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ സന്നിഹിതരായിരുന്നു. കടമ്പൂര്‍ മുഴപ്പിലങ്ങാട്, ധര്‍മ്മടം പഞ്ചായത്തുകളിലൂടെ പര്യടനം നടത്തിയ കെ.സുധാകരന്‍ എംപിയ്ക്ക് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകരും നാട്ടുകാരും നല്‍കിയത്. സ്ത്രീകളും, കുട്ടികളുമുള്‍പ്പടെയുള്ള വന്‍ ജനാവലി കെ. സുധാകരനെ വരവേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാടായ പിണറായിയില്‍ കെ. സുധാകരന്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിച്ചു. വേങ്ങാട്, അഞ്ചരക്കണ്ടി, പെരളശ്ശേരി പഞ്ചായത്തിലും കെ. സുധാകരന്‍ സന്ദര്‍ശനം നടത്തി വോട്ടര്‍മാരോട് നന്ദി അറിയിച്ചു.