എക്‌സാലോജിക്കിനെതിരായ കോടതി വിധി; കൈ ശുദ്ധമാണെന്ന് പിണറായി പറഞ്ഞിട്ട് കാര്യമില്ല, സത്യത്തെ ഞെക്കിക്കൊല്ലാന്‍ ഒരിക്കലും സാധിക്കില്ലെന്ന് കെ. സുധാകരന്‍

Jaihind Webdesk
Friday, February 16, 2024

മലപ്പുറം: വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍. കോടതി വിധി പ്രതീക്ഷിച്ചതാണെന്നും കൈ ശുദ്ധമാണെന്ന് പിണറായി പറഞ്ഞിട്ട് കാര്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല എക്‌സലോജിക്കിനെതിരായ കേസ്. പിണറായിയും കുടുംബവും എങ്ങനെയാണെന്ന് ലോകം അറിയണമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ട്. സത്യത്തെ ഞെക്കിക്കൊല്ലാന്‍ ഒരിക്കലും സാധിക്കില്ല. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ വെച്ച് അന്വേഷണത്തെ നിരാകരിക്കാന്‍ കഴിയില്ല. ഭാര്യയുടെ പെന്‍ഷന്‍ കൊണ്ടാണ് എക്‌സാലോജിക്ക് തുടങ്ങിയതെന്ന മുഖ്യന്‍റെ വാദം വിശ്വസിക്കാവുന്ന കാര്യമല്ല. ഭാര്യ ഇന്ത്യയുടെ പ്രസിഡന്‍റ് ആണോ ഇത്ര പണം കിട്ടാന്‍. ഇങ്ങനെയൊക്കെ പറയാന്‍ പിണറായിക്ക് എന്തോ മിസ്റ്റേക്ക് ഇല്ലേ എന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജിക്ക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.