കാഫിര്‍ പ്രയോഗം സിപിഎം സൃഷ്ടി; കേസെടുക്കാത്തത് പ്രതികളെ സംരക്ഷിക്കാന്‍, നാടിന്‍റെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റം വരെയും കോണ്‍ഗ്രസ് പോകുമെന്ന് കെ. സുധാകരന്‍

Jaihind Webdesk
Wednesday, August 14, 2024

 

തിരുവനന്തപുരം: വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പോലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.  വര്‍ഗീയ വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പോലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെ.സുധാകരന്‍ ആരോപിച്ചു.

നുണ ബോംബ് സൃഷ്ടിച്ച് മതവര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കാന്‍ സിപിഎമ്മും പോലീസും ശ്രമിച്ചാല്‍ നാടിന്‍റെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റവരെയും പോകാന്‍ കോണ്‍ഗ്രസിന് മടിയില്ല. നാടിന്‍റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. വെള്ളത്തിന് തീപിടിപ്പിക്കുന്ന ഈ വര്‍ഗീയ പ്രചരണത്തിന്‍റെ സൃഷ്ടാവ് സിപിഎമ്മാണെന്ന് തെളിഞ്ഞു. ബിജെപിയുമായുള്ള രഹസ്യ സഹവാസം സിപിഎമ്മിനെ വര്‍ഗീയ വിഷം ബാധിച്ച രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റി. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി നാട്ടില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഹീനമായ നയം പിന്തുടരുന്ന സിപിഎമ്മിനെ കേരളസമൂഹം ഒറ്റപ്പെടുത്തണം. സിപിഎമ്മിനുള്ളത് കപട മതേതര മുഖമാണ്. നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീര്‍ണ്ണതയും സിപിഎമ്മിനെ വര്‍ഗീയ കുപ്പത്തൊട്ടിയിലെത്തിച്ചു. സ്വാര്‍ത്ഥ രാഷ്ട്രീയ നേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവര്‍ഗീയത പ്രചരിപ്പിച്ച സിപിഎം കേരളീയ സമൂഹത്തോട് മാപ്പുപറയാന്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഹൈക്കോടതിയുടെ കര്‍ശന ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് വിവാദത്തില്‍ ഏതെങ്കിലും നിരപരാധികളെ പ്രതികളാക്കി തുടര്‍ന്നുള്ള വര്‍ഗീയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും സിപിഎമ്മും അവരുടെ പാദസേവകരായ പോലീസും ഒളിസേവ നടത്തുമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കാഫിര്‍ വിവാദത്തിന് മുമ്പ്, ടി.പി. ചന്ദ്രശേഖരനെ വധിച്ച ശേഷവും മാഷാ അല്ലാഹ് സിറ്റക്കര്‍ പതിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രതിസ്ഥാനത്ത് കൊണ്ടുവരാന്‍ സിപിഎം ശ്രമിച്ചത് കേരളം മറന്നിട്ടില്ല. ദേശീയതലത്തില്‍ ബിജെപി അനുവര്‍ത്തിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍ സിപിഎം നടത്തുന്നത്. സിപിഎമ്മില്‍ വര്‍ഗീയ സ്വാധീനം വളരുന്നുയെന്നതിന് തെളിവാണ് ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് ചോര്‍ന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഒരു വര്‍ഗീയതയേയും കോണ്‍ഗ്രസ് താലോലിക്കാറില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. അതിനാലാണ് ഈ വിവാദം യുഡിഎഫ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥിയും അവരുടെ മുഴുവന്‍ സംവിധാനവും കിണഞ്ഞ് പരിശ്രമിച്ചിട്ടും വടകരയില്‍ ഉള്‍പ്പെടെയുള്ള കേരള ജനതയത് ഒന്നടങ്കം തള്ളിക്കളഞ്ഞത്. ജനം കോണ്‍ഗ്രസിലും യുഡിഎഫിലും അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് ഞങ്ങളുടെ മതേതര നിലപാടിനുള്ള അംഗീകാരം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര നിലപാടുകള്‍ക്ക് ഊണിലും ഉറക്കത്തിലും വര്‍ഗീയതയെ താലോലിക്കുന്ന സിപിഎം ബുദ്ധിജീവികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ. സുധാകരന്‍ കൂട്ടിച്ചേർത്തു.