ദുരിതകാലത്തും സർക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു ; ഇന്ധനവില വർധനയില്‍ സമരം ശക്തമാക്കുമെന്ന് കെ.സുധാകരന്‍

Jaihind Webdesk
Saturday, July 10, 2021

കണ്ണൂർ : ഇന്ധനവില വർധനയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. യുഡിഎഫിന്‍റെ കുടുംബസത്യാഗ്രഹം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍ വില ഇപ്പോള്‍ 100 രൂപയും പിന്നിട്ട് കുതിക്കുന്നു. ഡീസലിന് നൂറു രൂപയ്ക്ക് തൊട്ടരികിലാണ് വില. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണ്. പെട്രോളിയം കമ്പനികളെ കയറൂരിവിടുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ഇതിന് പുറമേയാണ് പാചകവാതകത്തിന്റെ വില വര്‍ധന.

ലോക്ഡൗൺ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍, ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി കുറയ്ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും. ഇന്നത്തെ കുടുംബസത്യഗ്രഹം ഒരു സൂചന സമരം മാത്രമാണ്’ സുധാകരന്‍ പറഞ്ഞു.